print edition കോൺഗ്രസിന്റേത് ‘ശവംതൂക്ക്’ രാഷ്ട്രീയം: എം സ്വരാജ്

എം സ്വരാജ്
കൊച്ചി: വയനാട് ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ കാണിച്ച് പിരിച്ചെടുത്ത പണം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. മരിച്ചുകിടക്കുന്നവരിൽ നിന്നും, അബോധാവസ്ഥയിലുള്ളവരിൽ നിന്നും മോഷ്ടിക്കാത്ത ധാർമികത കള്ളന്മാർക്കിടയിലുണ്ട്. അത്തരത്തിൽ പണം മോഷ്ടിക്കുന്ന നീചരെ ‘ശവംതൂക്ക്’ എന്നാണ് വിളിക്കുക. അത്തരം മോഷ്ടാക്കളുടെ ധാർമികതപോലും തൊട്ടുതീണ്ടിയില്ലാത്ത ‘കേരള രാഷ്ട്രീയത്തിലെ ശവംതൂക്കുകാരാണ്’ കോൺഗ്രസ്.
ദുരന്തം മറയാക്കി എത്രതുക പിരിച്ചെന്നും ഏത് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും കോൺഗ്രസ് പറയണം. ആ പണം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം അവസാനിപ്പിക്കണം. അത് വയനാട്ടിൽ മരിച്ചവരോടും ജീവിച്ചിരിക്കുന്നവരോടും മനുഷ്യരോടാകെയുമുള്ള വെല്ലുവിളിയാണ്. കോടികളാണ് ഒരോദിവസവും കോൺഗ്രസ് ചെലവഴിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നവർക്ക് പണവും ഭക്ഷണവും പ്രതിഫലമായി നൽകുമെന്ന പരസ്യംവരെ ഇറങ്ങി.
അബദ്ധത്തിൽപോലും സത്യം പറയാനാകാത്ത അവസ്ഥയിലാണ് വി ഡി സതീശൻ. വയനാട് ദുരന്തബാധിതർക്കായുള്ള വീടിന്റെ നിർമാണം തുടങ്ങിയെന്നാണ് പറഞ്ഞത്. ഒരുപണിയും ആരംഭിച്ചിട്ടില്ല. കെട്ടിടനിർമാണ അനുമതിക്കായി തദ്ദേശസ്ഥാപനത്തിൽ അപേക്ഷ നൽകിയിട്ടില്ല. സർക്കാരിനോട് ഭൂമി ആവശ്യപ്പെട്ടിട്ടില്ല. കൊടുക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുമില്ല.
ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട്, സംവാദം ഉദ്‌ഘാടനംചെയ്യാനാണ് പോയതെന്നു പറഞ്ഞു. കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസ് സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ചപ്പോൾ മൂന്നാം ലോകയുദ്ധമുണ്ടായപോലെ കോൺഗ്രസ് പ്രതികരിച്ചു. സിപിഐ എമ്മിന്റെ സെമിനാറിൽ പങ്കെടുക്കാൻ പാടില്ലെന്ന് നിലപാട് എടുക്കുന്നവർ ആർഎസ്‌എസ് പരിപടിയിൽ പങ്കെടുക്കുന്നതിന്റെ ന്യായം എന്താണ്.
ഏതു നിറത്തിലുള്ള വർഗീയവാദികളുടെയും വോട്ടുവേണ്ടെന്നാണ് സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയം നയം. മുസ്ലിംലീഗ് നേതൃത്വത്തിന്റെ സമ്മർദത്തിലാണ് മഞ്ചേശ്വരം മണ്ഡലത്തിൽ എസ്‌ഡിപിഐ സ്ഥാനാർഥി പിൻവാങ്ങിയത്. ലീഗ് നേതൃത്വം അഭ്യർഥിച്ചാൽ പിൻവാങ്ങുന്നവരുടെ ഡീൽ ആരുമായിട്ടായിരിക്കും–സ്വരാജ് ചോദിച്ചു.










0 comments