രാജ്യത്ത് ഒരു ലക്ഷത്തോളം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ കേരളത്തിൽ ഒന്നുപോലും അടച്ചില്ല എന്നതാണ് എൽഡിഎഫിന്റെ നയം: എം സ്വരാജ്

തിരുവനന്തപുരം: രാജ്യത്ത് ഒരു ലക്ഷത്തോളം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയപ്പോൾ കേരളത്തിൽ ഒന്നുപോലും അടച്ചില്ല എന്നതാണ് എൽഡിഎഫിന്റെയും മറ്റുള്ളവരുടെയും നയങ്ങൾ തമ്മിലുള്ള വ്യത്യാസമെന്ന് സിപിഐ എം സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം എം സ്വരാജ്.
കഴിഞ്ഞ ദശാബ്ദത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി എന്നാണ് കണക്കുകൾ. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലുമെല്ലാം ആയിരക്കണക്കിന് സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. കോൺഗ്രസും ബിജെപിയും വിദ്യാഭ്യാസത്തോട് സ്വീകരിക്കുന്ന നയം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ലാഭകരമല്ലാത്ത സ്കൂളുകൾ പൂട്ടുക, കുട്ടികളുടെ എണ്ണം കുറഞ്ഞാൽ സ്കൂളുകൾ പൂട്ടുക, ചെലവുചുരുക്കുന്നതിനു വേണ്ടി സ്കൂളുകൾ അടച്ചുപൂട്ടുക എന്ന നിലപാട് കോൺഗ്രസും ബിജെപിയും ഒരേപോലെ സ്വീകരിച്ചിട്ടുണ്ട്. 2016 ൽ അധികാരത്തിൽ നിന്ന് യുഡിഎഫ് ഒഴിയുമ്പോൾ കേരളത്തിലെ 40 % സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടണമെന്ന നിർദേശമാണ് സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്.
വർഷങ്ങൾക്ക് മുൻപ് തന്നെ യുഡിഎഫ് സർക്കാർ ഇത് നടപ്പാക്കാൻ ശ്രമിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എൽഡിഎഫ് സർക്കാർ അന്ന് അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ കേരളത്തിൽ പകുതിയോളം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിരുന്നേനെ.
കഴിഞ്ഞ 10 വർഷത്തിൽ സംസ്ഥാനത്ത് ഒരു സർക്കാർ സ്കൂളുപോലും അടച്ചുപൂട്ടിയിട്ടില്ല. ലാഭത്തിന്റെ അടിസ്ഥാനത്തിലല്ല വിദ്യാഭ്യാസത്തെ എൽഡിഎഫ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.









0 comments