print edition പ്രതിപക്ഷം കേരളത്തിന്റെ ദുഃഖം: എം സ്വരാജ്

തിരുവനന്തപുരം: കേരളത്തിന്റെ ശാപവും ദുഃഖവുമാണ് പ്രതിപക്ഷവും യുഡിഎഫുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കള്ളവും വ്യാജപ്രചാരണങ്ങളും നടത്തി വികസനത്തിന് തുരങ്കംവയ്ക്കുകയാണ് പ്രതിപക്ഷം. ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സമരംപോലും സർക്കാരിനെതിരെ സംഘടിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ജനങ്ങളെ കൂട്ടാൻ കഴിയാത്തതിനാൽ നല്ല കാര്യങ്ങളെ തടയാൻ കോടതിയിൽ കേസിന് പോയി.
എല്ലാം കോടതി തള്ളി. ‘പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ’ എന്ന് പ്രതിപക്ഷനേതാവിനോട് കോടതി ചോദിച്ചു. ഇന്ത്യയിൽ ഒരു കോടതിയും ഒരു രാഷ്ട്രീയനേതാവിനോടും ഇങ്ങനെ ചോദിച്ചിട്ടില്ല.
രാഷ്ട്രീയം പലതാകട്ടെ, നല്ല കാര്യങ്ങളെ അംഗീകരിക്കണ്ടേ. 20 ലക്ഷംപേർക്ക് സുരക്ഷിതമായ താമസസൗകര്യമൊരുക്കിയ മറ്റൊരു നാട് ലോകത്തുണ്ടോ. ആശുപത്രിയും റോഡും പാലവും സ്കൂളും നന്നായാൽ നാടിന് നല്ലതല്ലേ. അതിനെ എന്തിനാണ് എതിർക്കുന്നത്.
കേരളം നേടിയ ഈ വികസനമുന്നേറ്റം പാതിവഴിയിൽ നിന്നുപോകരുത്. ഇരുളടഞ്ഞ പഴയകാലത്തേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകരുത്. അതിന് പ്രതിപക്ഷമെന്ന കേരളത്തിന്റെ ഈ ദുഃഖത്തെ തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.










0 comments