'ക്യാമ്പസുകളിലേക്ക് ജാതിവെറി പരത്തുന്നവരെ മതനിരപേക്ഷ കേരളം ശക്തമായി കൈകാര്യം ചെയ്യും' എം ശിവപ്രസാദ്

എം ശിവപ്രസാദ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എം ശിവപ്രസാദ്. ക്യാമ്പസുകളിലേക്ക് ജാതിവെറി പരത്തുന്നവരെ മതനിരപേക്ഷ കേരളം ശക്തമായി കൈകാര്യം ചെയ്യുമെന്ന് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരമാണ്.
നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ വകുപ്പ് മേധാവി(HOD) ഉൾപ്പെടെയുള്ള ചില അധ്യാപകരുടെ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തൽ ഏറെ ഗൗരവകരമായ ഒന്നാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് തണലാകേണ്ട അധ്യാപകർ തന്നെ ജാതി വിവേചനത്തിന് നേതൃത്വം നൽകുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.
രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ക്യാമ്പസുകളിലെ ജാതി വിവേചനത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന രാജ്യ വ്യാപകമായ ആവശ്യത്തെ അംഗീകരിക്കാൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻ്റ് ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി വിവേചനം നേരിടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർധിക്കുന്നു. ഇതിൻ്റെ തുടർച്ച ഇവിടെയും കാണുന്നത് കേരളം പോലെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന് ആശാസ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രവണതകൾ നമ്മുടെ നാട്ടിൽ അനുവദിക്കാൻ കഴിയില്ല. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കുറ്റക്കാരായ മുഴുവൻ ആളുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുന്നത് വരെ എസ്എഫ്ഐ അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
ഈ മാസം 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപമെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തു.










0 comments