എം രാജഗോപാലൻ സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറി

കാഞ്ഞങ്ങാട്: ദീർഘകാലത്തെ പൊതു പ്രവർത്തന പാരമ്പര്യത്തിൻ്റെ നവോർജവുമായി എം രാജഗോപാലൻ എംഎൽഎ കാസർകോടിന്റെ വിപ്ലവ പ്രസ്ഥാനത്തിൻ്റെ തലപ്പത്തേക്ക്. തൃക്കരിപ്പൂരിൻ്റെ ജനകീയ എംഎൽഎ എന്ന നിലയിൽ ജില്ലയിലെ എല്ലാ സാമൂഹ്യ-സാംസ്കാരിക-രാഷ്ടീയ വിഷയങ്ങളിലും സജീവമായ രാജഗോപാലൻ, ഇനി സിപിഐ എമ്മിൻ്റെ കാസർകോട് ജില്ലാ സെക്രട്ടറി. സിപിഐ എം 24–ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ബാലസംഘത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കുട്ടിക്കാലത്തു തന്നെ കടന്നു വന്ന രാജഗോപാലൻ 2016 മുതൽ തൃക്കരിപ്പൂർ എംഎൽഎയാണ്. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്.
ബാലസംഘത്തിന്റെ കയ്യൂർ സെൻട്രൽ യൂണിറ്റ് സെക്രട്ടറി, കയ്യൂർ വില്ലേജ് സെക്രട്ടറി, ഹൊസ്‌ദുർഗ് ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു. വിദ്യാർഥി സംഘടന രംഗത്ത് എസ്എഫ്ഐ കയ്യൂർ ഗവ. ഹൈസ്കൂൾ യൂണിറ്റ് സെക്രട്ടറി, നീലേശ്വരം ഏരിയാ പ്രസിഡൻ്റ്, കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
യുവജന സംഘടനാരംഗത്ത് കേരളാ സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ(കെഎസ് വൈഎഫ്) ഹൊസ്‌ദുർഗ് ബ്ലോക്ക് കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, അൺഎയ്‌ഡഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കൈത്തറി കൗൺസിൽ അംഗം, സിഐടിയു ജില്ലാ സെക്രട്ടറി, സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി എന്നീ ചുമതലകളും നിർവഹിച്ചു. വർഷങ്ങളായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്.
കയ്യൂർ ഗവ. ഹൈസ്കൂൾ ലീഡറായി പൊതു ജനാധ്യപത്യ രംഗത്തേക്ക് കടന്നു വന്നു. 1982-83 കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, 1984-85 കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗം, 1986-87 വർഷത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവുമായിരുന്നു.
2000-2005 ൽ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2006-2011 വർഷത്തിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി.
മൂന്ന് തവണ റെയിൽവ്വേ പാലക്കാട് ഡിവിഷൻ ഡിആർയുസിസി അംഗം, രണ്ട് തവണ റെയ്ഡ്കോ ഡയറക്ടർ, രണ്ടു തവണ ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പർ (ബിഎസ്എൻഎൽ), ശിശുക്ഷേമ സമിതി ജില്ലാ ട്രഷർ, കയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കയ്യൂർ ഗവ. ഹൈസ്കൂൾ, പയ്യന്നൂർ കോളേജ് എളേരിത്തട്ട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
പരേതരായ കയ്യൂരിലെ പി ദാമോദരൻ്റെയും എം ദേവകിയുടെയും മകനാണ്. ഭാര്യ ഐ ലക്ഷ്മിക്കുട്ടി, മക്കൾ: ഡോ. എൽ ആർ അനിന്ദിത, എൽ ആർ സിദ്ധാർഥ് (എൽഎൽബി വിദ്യാർഥി), മരുമകൻ: ഡോ.രോഹിത്
Related News

0 comments