ചെയ്യാത്ത നിയമലംഘനത്തിന് പിഴ ; എം പരിവഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്

m parivahan scam
വെബ് ഡെസ്ക്

Published on May 19, 2025, 01:23 AM | 1 min read


തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ എം പരിവഹൻ ആപ്പിന്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്. നിങ്ങളുടെ വാഹനം നിയമം ലംഘിച്ചെന്നും ഉടൻ പിഴ അടയ്ക്കണമെന്നും വാട്സ് ആപ്പ് വഴി സന്ദേശം അയച്ചാണ് തട്ടിപ്പ്‌.


മോട്ടോർ വാഹന വകുപ്പിന്റേതിന് സമാനമായ ചലാൻതന്നെയാണ് തട്ടിപ്പുകാർ അയക്കുന്നതെന്നതിനാൽ പെട്ടെന്ന് സംശയം തോന്നില്ല.അമിതവേഗം, സീറ്റ്‌ ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത്‌ എന്നിവയാണ്‌ പിഴ ചുമത്താൻ കാരണമായി പറയുന്നത്‌.


ഒപ്പം നൽകിയ ലിങ്ക് കൂടുതൽ വിവരത്തിന്‌ ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. ഒപ്പമുള്ള എപികെ ഫയൽ ക്ലിക്ക് ചെയ്താൽ ഫോണിൽ വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡാകും. രണ്ട്‌ തവണ ഒകെ എന്ന ഓപ്‌ഷൻ ക്ലിക്ക്‌ ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ ചെയ്താൽ തട്ടിപ്പുകാർക്ക്‌ മൊബൈൽ ഫോൺ ഹാക്ക്‌ ചെയ്യാം. ഇതിനായി റിമോട്‌ ആക്സസ്‌ സോഫ്‌റ്റ്‌വെയറാണ്‌ ഉപയോഗിക്കുന്നത്‌. മൊബൈൽഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽനിന്ന്‌ ഇവർ പണം പിൻവലിക്കും.


പരിവഹൻ സൈറ്റിന്റെപേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികളാണ്‌ മോട്ടോർ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നത്‌. ജാ​ഗ്രത വേണമെന്ന് സൈബർ പൊലീസ് അറിയിച്ചു.


ശ്രദ്ധിക്കാൻ

●എം പരിവഹൻ ആപ്പിന്റെ പേരിൽ പിഴ അടയ്ക്കൽ മെസേജുകൾ വാട്സ് ആപ്പിൽ അയക്കാറില്ല. ഇത്തരം സന്ദേശംവന്നാൽ ഇ -ചലാൻ യഥാർഥമാണോ എന്ന് പരിശോധിക്കണം.

●മെസേജുകൾ വന്നാൽ യഥാർഥ വെബ്‌സൈറ്റായ https://echallan.parivahan.gov.inൽ പരിശോധിക്കണം. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വൈബ് സൈറ്റുകൾ gov.in വഴി ഉറപ്പാക്കണം.

●സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. യഥാർഥ ഇ ചലാനിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ, എഞ്ചിൻ, ഷാസി നമ്പരുകൾ ഉണ്ടാകും.

●ഓൺലൈൻ സാമ്പത്തികതട്ടിപ്പിന് ഇരയായാൽ ‘1930' എന്ന നമ്പറിൽ പരാതി രജിസ്റ്റർചെയ്യണം. ഒരുമണിക്കൂറിനകം പരാതി നൽകുന്നതാണ് ഗുണകരമാകുക. cybercrime.gov.in എന്ന വെബ് സൈറ്റിലൂടെയും പരാതിപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Home