കേരളത്തിൽ മാത്രം തട്ടിയെടുത്തത് 50 ലക്ഷത്തോളമെന്ന് സൂചന
എം പരിവഹൻ തട്ടിപ്പ് ; പ്രതികൾ റിമാൻഡിൽ ; തട്ടിപ്പിന് ഉപയോഗിച്ചത് കൂടിയ മൊബൈൽ ഫോണുകൾ

കൊച്ചി
മോട്ടോർ വാഹനവകുപ്പിന്റെ എം പരിവഹൻ ആപ്പിന്റെ മറവിൽ കോടികൾ തട്ടിയ കേസിൽ അറസ്‌റ്റിലായ ഉത്തർപ്രദേശ് സ്വദേശികളായ അതുൽകുമാർ സിങ് (32), മനീഷ് സിങ് (24) എന്നിവരെ റിമാൻഡ് ചെയ്‌തു. ഇരുവരും തട്ടിപ്പിന് ഉപയോഗിച്ചിരുന്നത് ഐ ഫോൺ 16 പ്രോ മാക്‌സ്, സാംസങ് എസ് 23 അൾട്രാ ഉൾപ്പെടെയുള്ള വിലകൂടിയ ഫോണുകളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരിൽനിന്ന് പിടിച്ചെടുത്ത അഞ്ച് മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.
പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യാൻ തിങ്കളാഴ്ച കസ്‌റ്റഡി അപേക്ഷ നൽകും. മൂന്നാംപ്രതി 16 വയസ്സുകാരനാണ്. ഇയാളാണ് എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത്. ഇയാളോട് 10 ദിവസത്തിനകം കംപ്യൂട്ടറും മറ്റു ഉപകരണങ്ങളുമായി മാതാപിതാക്കള്‍ക്കൊപ്പം കാക്കനാട് സൈബര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഹാജരായില്ലെങ്കിൽ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനുമുന്നിൽ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം.
കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ അന്വേഷണം സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഐപി വിലാസവും ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ വാരണാസിയിലാണെന്ന് മനസ്സിലാക്കിയത്. പ്രതികളുമായി തിങ്കൾ രാത്രി 11നാണ് തിരിച്ചെത്തിയത്. വാരണാസി ശിവപ്പുരിലെ വീട്ടില്‍നിന്ന് പ്രതി മനീഷിനെയും അതിന് സമീപത്തുനിന്ന് അതുലിനെയും പിടികൂടി.
സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഷമീര്‍ഖാന്‍, എസ്‌സിപിഒമാരായ ആർ അരുണ്‍, പി അജിത് രാജ്, നിഖില്‍ ജോര്‍ജ്, സിപിഒമാരായ ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചി നഗരത്തിൽമാത്രം 96 പരാതികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്താകെ പണം നഷ്ടമായത് 575 പേർക്കാണ്. കേരളത്തിൽ മാത്രം ഇവർ തട്ടിയെടുത്തത് 50 ലക്ഷത്തോളമെന്നാണ് സൂചന.
ഡാർക്ക് വെബ്ബിന്റെ സഹായം?
വാഹനങ്ങളുടെ വിവരങ്ങൾ പ്രതികൾക്ക് ഡാർക്ക് വെബ്ബിൽനിന്ന് ലഭിച്ചതായി പൊലീസ് സംശയിക്കുന്നു 2700 ഓളം വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോൺ നമ്പർ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിൽ കേരളം, കർണാടകം, ഗുജറാത്ത്, തമിഴ്നാട്, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് പ്രതികൾ ഹാക്ക് ചെയ്‌തതായും സംശയിക്കുന്നു. ഹണി ട്രാപ്പ്, കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധ ആപ്ലിക്കേഷനുകളും ഇവരുടെ ഫോണിൽ കണ്ടെത്തി.








0 comments