എം പരിവഹൻ തട്ടിപ്പ് ; വാഹനവിവരം ലഭിച്ചത് എം പരിവഹൻ ഡാറ്റ ചോർച്ചയിൽനിന്ന്

കൊച്ചി
മോട്ടോർ വാഹനവകുപ്പിന്റെ എം പരിവഹൻ ആപ്പിന്റെ മറവിൽ കോടികൾ തട്ടിയ കേസിലെ പ്രതികൾക്ക് വാഹന ഉടമകളുടെ വിവരങ്ങൾ ലഭിച്ചത് 2023ലെ ഡാറ്റ ചോർച്ചയെ തുടർന്നെന്ന് സൂചന. എം പരിവഹൻ വെബ്‌സൈറ്റിൽനിന്ന് പതിനായിരക്കണക്കിന് വാഹന ഉടമകളുടെ വിവരങ്ങൾ ചോർന്നത് ദേശീയതലത്തിൽ വൻ വാർത്തയായിരുന്നു. ഇത്തരം വിവരങ്ങൾ ചെന്നെത്തുന്നത് ഡാർക്ക് വെബ്ബിലാണ്. ഡാർക്ക് വെബ്ബിലെ പല വെബ്‌സൈറ്റുകളിലും വിവരങ്ങൾ ലഭ്യമായിരുന്നു. ഇതിൽനിന്ന് പണം നൽകി വാഹന ഉടമകളുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പ്രതികൾ വാങ്ങിയതായാണ് അന്വേഷകസംഘം സംശയിക്കുന്നത്.
കൂടുതൽ വ്യക്തതവരുത്താൻ റിമാൻഡിലുള്ള ഉത്തർപ്രദേശ് സ്വദേശികളായ അതുൽകുമാർ സിങ് (32), മനീഷ് സിങ് (24) എന്നിവരെ തിങ്കളാഴ്‌ച കസ്റ്റഡിയിൽ വാങ്ങും.
ഇരുവരും തട്ടിപ്പിന് ഉപയോഗിച്ചിരുന്നത് അത്യാധുനികസംവിധാനങ്ങളുള്ള വിലകൂടിയ ഫോണുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് പിടിച്ചെടുത്ത അഞ്ച് ഫോണുകളിലെ വിവരങ്ങൾ പരിശോധിക്കുകയാണ്.
കൊച്ചി നഗരത്തിൽമാത്രം 96 പരാതികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്താകെ പണം നഷ്ടമായത് 575 പേർക്കാണ്. കേരളത്തിൽമാത്രം തട്ടിയെടുത്തത് 50 ലക്ഷത്തോളം രൂപയാണ്.








0 comments