എം പരിവഹൻ തട്ടിപ്പ്: പതിനാറുകാരന്റെ മൊഴിയെടുക്കും

കൊച്ചി
മോട്ടോർ വാഹനവകുപ്പിന്റെ എം പരിവഹൻ ആപ്പിന്റെ പേരിൽ കോടികൾ തട്ടിയ കേസിലെ ബുദ്ധികേന്ദ്രമായ പതിനാറുകാരന്റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷകസംഘം. പതിനാറുകാരനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് പൊലീസ് അപേക്ഷ നൽകിയിരുന്നു. ബോർഡിനുമുന്നിൽ ഹാജരായാൽ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.
കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് പ്രധാന ശ്രമം. അറസ്‌റ്റിലെ മറ്റു പ്രതികളായ ഉത്തർപ്രദേശ് സ്വദേശികൾ അതുൽകുമാർ സിങ് (32), മനീഷ് സിങ് (24) എന്നിവർ റിമാൻഡിലാണ്. സെപ്‌തംബറിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
വിവിധതരം തട്ടിപ്പുകൾക്കായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനുകൾ തട്ടിപ്പുസംഘം ഉപയോഗിച്ച ഫോണുകളിൽ കണ്ടെത്തിയിരുന്നു. സൈബർ ഫോറൻസിക് വിദ്യാർഥിയായ പതിനാറുകാരനാണ് ആപ്ലിക്കേഷനുകൾ നിർമിച്ചതെന്നാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.
പ്രതികളെ വാരണാസിയിൽനിന്നാണ് കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ 2700ൽപ്പരം വാഹനങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ ഫോണിൽ കണ്ടെത്തിയിരുന്നു. ഫോണുകളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്.








0 comments