Deshabhimani

ഓർമകളിലെന്നും 
മിഴിവോടെ ആ സായാഹ്നസവാരി

m k sanu evening walk with justice krishnaiyer

ഡോ. സി കെ രാമചന്ദ്രനും ജസ്റ്റിസ്​ വി ആർ കൃഷ്​ണയ്യരും പ്രൊഫ. എം കെ സാനുവും ഒരുമിച്ചുള്ള സായാഹ്നനടത്തം

വെബ് ഡെസ്ക്

Published on Aug 03, 2025, 01:23 AM | 1 min read

കൊച്ചി

കൊച്ചിയുടെമാത്രം സ്വന്തമായിരുന്നു ആ സായാഹ്നസവാരി​. പ്രൊഫ. എം കെ സാനുവും ജസ്റ്റിസ്​ വി ആർ കൃഷ്​ണയ്യരും ഡോ. സി കെ രാമചന്ദ്രനും ഒരുമിച്ചുള്ള സായാഹ്നനടത്തം നഗരത്തിന്റെ ഏറ്റവും മിഴിവാർന്ന കാഴ്​ചകളിൽ ഒന്നായിരുന്നു. പരസ്​പരം സംവദിച്ചും ആശയങ്ങൾ പങ്കുവച്ചും നർമം നുകർന്നുമാണ്​ സ‍ൗഹൃദത്തിന്റെ വഴികളിലൂടെ അവർ നടന്നത്​.​ ആ കൂട്ടുകെട്ടിൽനിന്ന്​ ആദ്യം മരണം തട്ടിയെടുത്തത്​ കൃഷ്​ണയ്യരെ. തുടർന്ന്​ രാമചന്ദ്രൻ. ഏറ്റവും ഒടുവിൽ ഇപ്പോൾ ഇതാ സാനു മാഷും.


സഹോദരൻ അയ്യപ്പനൊത്തായിരുന്നു സാനു മാഷ്​ ആദ്യം നടക്കാൻ തുടങ്ങിയത്​. അയ്യപ്പൻ പോയശേഷം തനിച്ചായി. ഒറ്റയ്​ക്കായതിന്റെ വിരസത അവസാനിച്ചത് കൃഷ്​ണയ്യരുടെ വരവോടെ. പ്രിയപ്പെട്ട ‘സ്വാമി’യോടൊപ്പം എംജി റോഡിലൂടെയും സുഭാഷ്​ പാർക്കിലൂടെയുമെല്ലാം ആ നടപ്പ്​ നീണ്ടു. പ്രമുഖ​ അഭിഭാഷകൻ അപ്പുനായരും പിന്നീട്​ സി കെ രാമചന്ദ്രനും ഒപ്പംചേർന്നു. വ്യക്തിപരമായ കാര്യങ്ങൾമുതൽ സാമൂഹ്യവും സാംസ്​കാരികവും രാഷ്ട്രീയവുമെല്ലാം അവരുടെ സംസാരവിഷയങ്ങളായി. ഏറെ കാലം ദർബാർ ഹാൾ ഗ്ര‍ൗണ്ടിലായിരുന്നു നടപ്പ്​. പിന്നീട്​ രാജേന്ദ്രമൈതാനത്തായി. കൃഷ്​ണയ്യർക്കായി കേസരിയും ഐസ്​ക്രീമും കരുതിയാണ്​ സാനു പലപ്പോഴും രാജേന്ദ്രമൈതാനത്തേക്ക്​ എത്തിയിരുന്നത്. മൈതാനത്തിന്റെ തെക്കേ അറ്റത്തുള്ള മരച്ചുവട്ടിലായിരുന്നു മൂവരുടെയും ഇരിപ്പ്​. കൃഷ്​ണയ്യർ പോയപ്പോൾ സാനു ഉലഞ്ഞു. ‘‘ഇനി ആരാണെന്നാർക്കറിയാം. ഞങ്ങളൊക്കെ പ്രായം ചെന്നവരല്ലേ. മനസ്സിന്​ ബലംപോരാ. അടുപ്പമുള്ളവർ പോകുമ്പോൾ പ്രത്യേകിച്ചും’’ മനസ്സ്​​ പതറിക്കൊണ്ട്​ മാഷ്​ അന്ന്​ പറഞ്ഞു. പിന്നീട്​ രാമചന്ദ്രനൊപ്പമായി നടപ്പ്​. ഡോക്ടർക്ക്​ പക്ഷാഘാതം വരുന്നതുവരെ നീണ്ടു. അതോടെ സായാഹ്നനടത്തം അവസാനിച്ചു. ഇടയ്​ക്ക്​ രാജേന്ദ്രമൈതാനത്ത്​ വന്നിരിക്കും. എന്നാൽ, പ്രസംഗവേദികളിലേക്കുള്ള സഞ്ചാരം വിരാമമില്ലാതെ തുടർന്നുകൊണ്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home