മറഞ്ഞു ഗുരുസാഗരം ; സൗമ്യസാന്നിധ്യം ഇനിയില്ല

m k sanu
avatar
എം എസ്‌ അശോകൻ

Published on Aug 03, 2025, 01:45 AM | 2 min read


കൊച്ചി

മലയാളിയുടെ രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തിന്‌ ദിശാബോധം പകർന്ന സൗമ്യസാന്നിധ്യം ഇനിയില്ല. എഴുത്തിലും പ്രഭാഷണത്തിലും മലയാളത്തിന്‌ സർഗസമ്പന്നതയുടെ മഹാമേരുക്കൾ സമ്മാനിച്ച തലമുറകളുടെ ഗുരുനാഥൻ പ്രൊഫ. എം കെ സാനു അന്തരിച്ചു. 97 വയസ്സായിരുന്നു. ശനി വൈകിട്ട്‌ 5.35ന്​ ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.


വീണ്‌ ഇടുപ്പെല്ല്‌ പൊട്ടിയതിനെതുടർന്ന്‌ 25നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അടിയന്തര ശസ്‌ത്രക്രിയക്കു​ശേഷം ശ്വാസതടസ്സവും ന്യുമോണിയയും ആരോഗ്യസ്ഥിതി മോശമാക്കി. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ്‌​ മരണം. മൃതദേഹം ​ഞായർ രാവിലെ ഒമ്പതിന്​​ കാരിക്കാമുറി ക്രോസ്റോഡിലെ വസതിയായ ‘സന്ധ്യ’യിൽ കൊണ്ടുവരും. പത്തിന്​ എറണാകുളം ട‍ൗൺഹാളിൽ പൊതുദർശനത്തിനുശേഷം വൈകിട്ട്‌ നാലിന്​ രവിപുരം ശ്​മശാനത്തിൽ സംസ്കരിക്കും. അഞ്ചിന് ടൗൺഹാളിൽ അനുശോചനയോഗം ചേരും.


എഴുത്തുകാരൻ, അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ എം കെ സാനു നിറഞ്ഞുനിന്ന പതിറ്റാണ്ടുകൾക്കാണ്‌ വിരാമമാകുന്നത്‌. കൊല്ലം ശ്രീനാരായണ കോളേജ്‌, കോട്ടയം, ചിറ്റൂർ, കോഴിക്കോട്, എറണാകുളം ഗവ. കോളേജുകളിൽ അധ്യാപകനായി. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന്‌ 1983ൽ വിരമിച്ചു.


പുരോഗമന സാഹിത്യത്തിനൊപ്പംനിന്ന്‌ എഴുത്തിന്റെ വഴി കണ്ടെത്തി. വിമർശം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം, നോവൽ തുടങ്ങി വ്യത്യസ്‌ത സാഹിത്യശാഖകളിലായി അമ്പതിലേറെ കൃതികൾ. 1986ൽ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റും 1988–-91ൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായി. അവധാരണം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ–- ഏകാന്തവീഥിയിലെ അവധൂതൻ, നാരായണഗുരു സ്വാമി, സഹോദരൻ അയ്യപ്പൻ, എം ഗോവിന്ദൻ, ആശാൻ പഠനത്തിന് ഒരു മുഖവുര, യുക്തിവാദി എം സി ജോസഫ്, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി തുടങ്ങിയവ പ്രധാന കൃതികൾ.


‘കർമഗതി’യാണ്​ ആത്മകഥ. എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്‌, കേന്ദ്ര–-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, ദേശാഭിമാനി സാഹിത്യപുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരളജ്യോതി പുരസ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. 1987ൽ എറണാകുളം മണ്ഡലത്തിൽനിന്ന്‌ എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച്​ നിയമസഭാംഗമായി.


1928 ഒക്ടോബർ 27ന്‌ ആലപ്പുഴ തുമ്പോളി മംഗലത്ത് എം സി കേശവന്റെയും കെ പി ഭവാനിയുടെയും മകനായാണ്‌ ജനനം. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: എം എസ് രഞ്ജിത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനിയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്​), എം എസ് രേഖ, ഡോ. എം എസ് ഗീത (റിട്ട. അധ്യാപിക, സെന്റ് പോൾസ് കോളേജ്, കളമശേരി), എം എസ് സീത (സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ്‌), എം എസ് ഹാരിസ് (എൻജിനിയർ, ദുബായ്‌). മരുമക്കൾ: സി വി മായ, സി കെ കൃഷ്ണൻ (ഇന്ത്യൻ അലുമിനിയം കമ്പനി), പി വി ജ്യോതി (റിട്ട. മുനിസിപ്പൽ സെക്രട്ടറി), മിനി (ഇലക്‌ട്രിക്കൽ എൻജിനീയർ, ദുബായ്), ഡോ. പ്രശാന്ത്‌കുമാർ (റിട്ട. ഇംഗ്ലീഷ്‌ വിഭാഗം മേധാവി, കാലടി സർവകലാശാല).



deshabhimani section

Related News

View More
0 comments
Sort by

Home