വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിച്ചിട്ടില്ല; എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം വളരെ ശക്തം: എം ബി രാജേഷ്

mb rajesh
വെബ് ഡെസ്ക്

Published on Feb 11, 2025, 04:06 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോ​ഗം വർധിക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി എം ബി രാജേഷ്. ദേശീയതലത്തിൽ മയക്കുമരുന്ന് ഉപയോഗത്തിൽ കേരളം ഏറ്റവും പിന്നിലാണ്. കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ലഹരി ഉൽപ്പന്നങ്ങളിൽ നിന്ന് കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. വിഷയത്തിൽ നിയമസഭ നിർത്തിവെച്ചുള്ള ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.


സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നുണ്ട്. വിമുക്തി മിഷൻ മുഖേന വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ലഹരി ഉപയോ​ഗം സംശയിക്കുന്ന കുട്ടികളെ ആരംഭത്തിലേ കണ്ടെത്തി കൗണസലിങ് നൽകുന്നതിന് സ്കൂളുകളിൽ നേർവഴി എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.


ഒരു വർഷത്തിനിടെ ഇന്ത്യയിലാകെ മയക്കുമരുന്നിന്റെ ഉപയോഗം 55 ശതമാനം വർധിച്ചു. കേരളത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പുറത്തുനിന്നാണ്. അതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ലോകത്ത് ആകെ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട്.


ഒരു എൻഫോഴ്‌സ്‌മെന്റും നടക്കുന്നില്ല എന്ന പ്രതിപക്ഷത്തിന്റെ വിമർശനം വസ്തുതാപരമല്ല. കേരളത്തിൽ ലഹരി കേസിൽ അറസ്റ്റ് ചെയ്തവരുടെ മൂന്നിലൊന്ന് മാത്രമേ മറ്റു സംസ്ഥാനങ്ങളിൽ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മയക്കുമരുന്ന് വ്യാപനത്തിനെതിരായ നടപടി കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. കുട്ടികളില ലഹരി ഉപയോ​​ഗം കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസാജ്യർ (SOP) തയാറാക്കി നടപ്പാക്കി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home