print edition എം എ ബേബി കലാമണ്ഡലം ഗോപിയെ സന്ദർശിച്ചു

m a baby visits kalamandalam gopi
വെബ് ഡെസ്ക്

Published on Nov 07, 2025, 01:30 AM | 1 min read


പേരാമംഗലം

കഥകളി വിസ്‌മയം കലാമണ്ഡലം ഗോപിയെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സന്ദർശിച്ചു. വ്യാഴാഴ്‌ച പകൽ പേരാമംഗലത്തെ വീട്ടിലായിരുന്നു സന്ദർശനം. ബേബിയെ ഗോപിയാശാൻ പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. ചാനൽ കാമറകൾ പൊതിഞ്ഞപ്പോൾ ‘ഇദ്ദേഹത്തിന്‌ ഞാനൊരു ചായ കൊടുക്കട്ടെ’ എന്നുപറഞ്ഞ്‌ ആശാൻ എം എ ബേബിയേയും ക‍ൂട്ടി വീട്ടിനകത്തേക്ക്‌ കയറി.


കുശലാന്വേഷണങ്ങളും സ‍ൗഹൃദ സംഭാഷണവുമായി അൽപ്പനേരം. ലഭിച്ച പുരസ്‌കാരങ്ങളും ബഹുമതികളും ബേബിക്ക്‌ കാണിച്ചുകൊടുത്തു. സൂക്ഷിച്ചുവച്ചിരിക്കുന്ന അപൂർവ ചിത്രങ്ങളും കാണിച്ചു. ഇടയ്‌ക്ക്‌ വിളിക്കാറുള്ളതും സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോൾ തന്നെ വീട്ടിൽ വന്ന്‌ കണ്ടതും അദ്ദേഹം ഓർത്തു. ഗോപിയാശാന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയും കലാരംഗത്തെ ഇപ്പോഴത്തെ ഇടപെടലുകളെപ്പറ്റിയും എം എ ബേബി ചോദിച്ചറിഞ്ഞു. ഗോപിയാശാന്റെ ഭാര്യ ചന്ദ്രിക, മകൻ ജയരാജൻ, ഇളയ മകൻ രഘുരാജന്റെ മക്കളായ മാളവിക, മയൂഖ്‌ എന്നിവരും ബേബിയെ സ്വീകരിക്കാനുണ്ടായി.


അഭിനയരംഗത്തെ മഹാമേരുവാണ്‌ ഗോപിയാശാനെന്ന്‌ എം എ ബേബി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. മലയാളത്തിന്റെ അഭിമാനവും സാംസ്‌കാരിക ലോകത്തിന്റെ ഒ‍ൗന്നത്യവുമാണ്‌ ആശാൻ. ഒരു പുരസ്‌കാരംകൊണ്ട്‌ അടയാളപ്പെടുത്തേണ്ടയാളല്ല അദ്ദേഹം. ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന സാംസ്‌കാരിക സംഗമത്തിൽ പങ്കെടുക്കാനാവുമോ എന്ന്‌ അദ്ദേഹത്തോട്‌ അന്വേഷിച്ചു. ആരോഗ്യം അനുവദിക്കുമോ എന്നറിയില്ലെന്നും എന്തായാലും അതിനൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കർണശപഥത്തിൽ ആശാന്റെ കർണനേയും കോട്ടയ്‌ക്കൽ ശിവരാമന്റെ കുന്തിയേയും കണ്ട്‌ കണ്ണുനിറഞ്ഞിരുന്നിട്ടുണ്ട്‌–ബേബി പറഞ്ഞു.


സിപിഐ എം ജില്ലാസെക്രട്ടറി കെ വി അബ്ദുൾഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home