print edition മോദി ഭരിക്കുന്നത് അമേരിക്കയ്‌ക്ക് കീഴ്‌പ്പെട്ട് : എം എ ബേബി

ആലപ്പുഴ
പുന്നപ്ര–വയലാർ സമരസേനാനികൾ ഉയർത്തിയ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യത്തിന് പുതിയ രാഷ്‌ട്രീയ പ്രാധാന്യമുള്ള കാലമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അമേരിക്കയ്‌ക്ക് കീഴ്‌പ്പെട്ടാണ് നരേന്ദ്രമോദിയുടെ ഭരണം. റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. ഇതിനെതിരെ ഒരക്ഷരം പോലും മോദി മിണ്ടിയിട്ടില്ല. 79 -ാം പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ഭരണത്തിന്റെ ദുഷ്ടലാക്കോടുകൂടിയ പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. മനുസ്‌മൃതി പുതിയരൂപത്തിൽ നടപ്പിലാക്കാനാണ് ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നത്.
കേരളത്തിലെ എൽഡിഎഫ് സർക്കാർ മികച്ച രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്പിലുണ്ട്. വവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയമായി. കുറഞ്ഞ ശിശുമരണനിരക്കിൽ കേരളം അമേരിക്കയേക്കാൾ മുന്നിലാണെന്ന് അന്താരാഷ്‌ട്ര ഏജൻസികളുടെ റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്രം സൃഷ്‌ടിക്കുന്ന സാന്പത്തിക ഞെരുക്കത്തിനിടയിൽനിന്നാണ് നേട്ടങ്ങൾ കൈവരിച്ചത്. അതിദാരിദ്ര്യമുക്‌തമായ ഇന്ത്യയിലെ ഏകസംസ്ഥാനമായും കേരളം മാറുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിനായി ജനങ്ങൾ വിധിയെഴുതേണ്ട തെരഞ്ഞെടുപ്പുകളാണ് വരുന്നത്. ഇന്ത്യയിൽ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സ്വാധീനം പലമടങ്ങ് വർധിപ്പിക്കാൻ കഴിയണമെന്നും എം എ ബേബി പറഞ്ഞു.









0 comments