രാജ്യത്ത് അപകടകരമായ സാഹചര്യം : എം എ ബേബി

m a baby
വെബ് ഡെസ്ക്

Published on Jun 26, 2025, 12:49 AM | 2 min read

തിരുവനന്തപുരം

രാജ്യത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാൻ ഭരണകൂടസംവിധാനമാകെ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അതിനായി ഭരണകൂടസംവിധാനം മാത്രമല്ല, ആർഎസ്‌എസ്‌ എന്ന അർധസൈനിക ദളം കൂടിയുണ്ട്‌. നീതിന്യായ സംവിധാനം, സേനകൾ, ഉദ്യോഗസ്ഥസംവിധാനം എന്നിവയിലും മറ്റു രാഷ്‌ട്രീയ പാർടികളിൽപോലും അവർ നുഴഞ്ഞുകയറി സ്ഥാനമുറപ്പിച്ചു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‌ അരനൂറ്റാണ്ട്‌ തികയുന്ന ദിനത്തിൽ എ കെ ജി പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘അർധഫാസിസത്തിന്റെ 50–-ാം വർഷം’ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


സംഘപരിവാറിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സംഘടനാസംവിധാനമുണ്ട്‌. അത്യന്തം അപകടകരമായ അവസ്ഥയാണ്‌ രാജ്യത്തുള്ളത്‌. അതിന്റെ ഗൗരവത്തിൽ വേണം, അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷിക വേളയിൽ അപ്രഖ്യാപിത അടിയന്തരാ വസ്ഥയെ കാണാൻ. തെരഞ്ഞെടുപ്പിലൂടെ മാത്രം അവസാനിപ്പിക്കാവുന്നതല്ല നവഫാസിസ്‌റ്റ്‌ പ്രവണതകളുടെ ആധിപത്യം. ഇന്ത്യൻ സമുഹത്തിന്റെ എല്ലാ കോശങ്ങളിലേക്കും നവഫാസിസ്‌റ്റ്‌ ശക്തികൾ അവരുടെ വിഷബീജം നിക്ഷേപിച്ചിട്ടുണ്ട്‌. അതിനാൽ സമൂഹത്തെ വിഷമുക്തമാക്കിയാലേ രാജ്യത്തെ രക്ഷിക്കാനാകൂ. ഏതു നിമിഷവും ജനാധിപത്യം ഹിംസിക്കപ്പെടാം എന്ന്‌ തിരിച്ചറിഞ്ഞ്‌ നിതാന്ത ജാഗ്രതവേണം.


ആർഎസ്‌എസ്‌ അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരായിരുന്നു എന്ന പ്രചാരണം തെറ്റാണ്‌. ആർഎസ്‌എസിനും വലതുപക്ഷത്തിനും എതിരാണ്‌ അടിയന്തരാവസ്ഥ എന്നു വരുത്താനാണ്‌ ആർഎസ്‌എസിനെയടക്കം അന്ന്‌ ഇന്ദിരാഗാന്ധി നിരോധിച്ചത്‌. അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയപ്പോൾ സർസംഘചാലക്‌ ബാലാസാഹേബ്‌ ദേവരസ്‌ അതിനെ സ്വാഗതംചെയ്‌ത്‌ ഇന്ദിരാഗാന്ധിക്ക്‌ കത്തെഴുതി. ആദ്യകത്തിന്‌ മറുപടി അയക്കാതിരുന്നതിനാൽ 1975 നവംബർ 10ന്‌ വീണ്ടുമെഴുതി. ജയപ്രകാശ്‌ നാരായൺ ഉൾപെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ തങ്ങൾക്ക്‌ യാതൊരു ബന്ധമില്ലെന്നും ബന്ധമുണ്ടെന്ന്‌ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നതാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ആർഎസ്‌എസിനുള്ള നിരോധനം നീക്കിയാൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടി വിജയിപ്പിക്കാൻ പിന്തുണയ്‌ക്കാം എന്നും വാഗ്‌ദാനം ചെയ്‌തു. ആർഎസ്‌എസിന്‌ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളാൻ കഴിയില്ല. അവരുടെ ഘടനതന്നെ സ്വേച്ഛാധിപത്യപരമാണ്‌. നിഗൂഢമായ പ്രവർത്തനരീതിയാണ്‌ അവർക്കെന്നും- എം എ ബേബി പറഞ്ഞു.


സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, ന്യൂസ്‌ ക്ലിക്‌ എഡിറ്റർ പ്രബിർ പുർകായസ്‌ത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ‘അമർഷത്തിന്റെ ആവിഷ്‌കാരങ്ങൾ’ പുസ്‌തകം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിക്കു നൽകി പ്രബിർ പുർകായസ്‌ത പ്രകാശിപ്പിച്ചു. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ സ്വാഗതവും ആർ പാർവതിദേവി നന്ദിയും പറഞ്ഞു.’



deshabhimani section

Related News

View More
0 comments
Sort by

Home