എൻഡിഎഫ് മതതീവ്രവാദത്തിന്റെ ഇര; അഷ്റഫിന്റെ രക്തസാക്ഷിത്വത്തിന് 24 വർഷം

കൊല്ലം: എൻഡിഎഫ് മതതീവ്രവാദികൾ കൊലപ്പെടുത്തിയ നാടിന്റെ കെടാവിളക്കായിരുന്ന എം എ അഷ്‌റഫിന്റെ രക്തസാക്ഷി സ്‌മരണകൾക്ക് വെള്ളിയാഴ്‌ച 24 വർഷം പൂർത്തിയാകുന്നു. 2002 ജൂലൈ 18നു രാത്രിയാണ് അഷ്‌റഫിനെ തടിക്കാട്ടിലെ വീട്ടിൽ അതിക്രമിച്ചുകയറി അച്ഛന്റെയും പിഞ്ചുമക്കളുടെയും മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. ഗ്രാമത്തിന്റെ അവസാനവാക്കായ അഷ്റഫ് സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി അംഗം, ഇടമുളയ്‌ക്കൽ പഞ്ചായത്ത്‌അംഗം, അറയ്ക്കൽ സഹകരണബാങ്ക് പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലയിൽ പ്രവർത്തിച്ചുവരവെയാണ് കൊലക്കത്തിക്ക് ഇരയാകുന്നത്.
തടിക്കാട്ടിൽ അഷ്റഫിന്റെ നേതൃത്വവും ജനകീയ ഇടപെടലും അംഗീകാരവും മതതീവ്രവാദത്തിന് തടസ്സമാകുന്നുവെന്നു കണ്ടാണ് കൊലപ്പെടുത്തിയത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ സംഘടിപ്പിച്ച് വർഗീയതയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് അഷ്റഫ് രക്തസാക്ഷി ആയത്.
രക്തസാക്ഷിദിനം ഇന്ന്
അഞ്ചൽ: അനശ്വര രക്തസാക്ഷി എം എ അഷ്റഫിന്റെ 24-–ാം രക്തസാക്ഷി ദിനം വെള്ളിയാഴ്‌ച സമുചിതമായി ആചരിക്കും. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും. തടിക്കാട് ഗ്രാമത്തിൽ നിർമിച്ച സ്‌മാരകത്തിന്റെ മുന്നിലെ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, എസ് ജയമോഹൻ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ജോർജ് മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ബാബുപണിക്കർ, സുജാചന്ദ്രബാബു, ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ എന്നിവരുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും പതാക ഉയർത്തലും നടക്കും. വൈകിട്ട് അഞ്ചിന് തടിക്കാട്ട് അനുസ്മരണ റാലിയും പൊതുസമ്മേളനവും നടക്കും. വ്യവസായ മന്ത്രി പി രാജീവ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണംചെയ്യും.
അഷ്‌റഫിന്റെ അനുസ്‌മരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. എം എ അഷ്റഫ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിൽ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എസ് ജയമോഹന്റെ നേതൃത്വത്തിൽ ഡോക്ടർ സേവനവും മരുന്നുംനൽകി. സാന്ത്വനപരിചരണ പ്രവർത്തനങ്ങളിൽ ഡോക്ടർമാരായ ആൽഫിയ സലീം, മുഹമ്മദ് യാഷിക്, ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ പി അനിൽകുമാർ, കെ ഷിബു, ഷാജഹാൻ, നസീർ എന്നിവർ പങ്കെടുത്തു.








0 comments