ad
Deshabhimani

ലുലു ഐടി ടവറുകൾ; ഐടി സ്‌പേസിന്റെ 35 ശതമാനത്തിലും കമ്പനികൾ

Lulu Twin IT Tower

ലുലു ഐടി ടവർ

avatar
ശ്രീരാജ്‌ ഓണക്കൂർ

Published on May 17, 2026, 10:26 AM | 1 min read

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ ലുലു ഐടി ടവറുകളുടെ ഐടി സ്‌പേസിന്റെ 35 ശതമാനത്തിലും ബഹുരാഷ്‌ട്ര, ഇന്ത്യൻ ഐടി കമ്പനികൾ പ്രവർത്തനം ആരംഭിക്കും. നിലവിൽ 20 ശതമാനം ഐടി സ്‌പേസിൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്‌. ഇ‍ൗ സാമ്പത്തികവർഷം അവസാനത്തോടെ 50 ശതമാനം ഐടി സ്‌പേസിൽ ബഹുരാഷ്‌ട്ര, ഇന്ത്യൻ ഐടി കമ്പനികൾ പ്രവർത്തനം ആരംഭിക്കുമെന്ന്‌ ലുലു ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു.


25 ലക്ഷം ചതുരശ്രയടിയാണ്‌ ഐടി കമ്പനികൾക്ക്‌ പാട്ടത്തിന്‌ നൽകുക. 12.74 ഏക്കറിൽ 35 ലക്ഷം ചതുരശ്രയടിയിലാണ്‌ ഇരട്ട ടവറുകൾ. 152 മീറ്റർ ഉയരമുള്ള ഇരട്ട ടവറുകൾക്ക്‌ 30 വീതം നിലകളുണ്ട്‌. നിലവിൽ പ്രത്യേക സാമ്പത്തിക മേഖലയിലാണ്‌ ഇരുടവറുകളും. ഇതിൽ ഒരു ടവർ ഡീനോട്ടിഫൈ ചെയ്‌ത്‌ നോൺ ഇക്കണോമിക്‌ സോണിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇതോടെ ആഭ്യന്തരവിപണിയിൽ സേവനം നൽകുന്ന കമ്പനികൾക്കും ഇവിടെ പ്രവർത്തിക്കാനാകും.


100 ശതമാനം ഐടി സ്‌പേസ്‌ ഉപയോഗപ്പെടുത്തുന്നതോടെ മുപ്പതിനായിരത്തിലേറെ ടെക് പ്രൊഫഷണലുകൾക്കാണ്‌ ജോലി ലഭിക്കുക. 1500 കോടി ചെലവഴിച്ച്‌ ലുലു ഗ്രൂപ്പ്‌ സ്‌മാർട്ട്‌ സിറ്റിയിൽ നിർമിച്ച ഇരട്ട ഐടി ടവറുകൾ സംസ്ഥാനത്തിന്‌ നൽകുന്നത്‌ പുതിയ ഐടി വസന്തമാണ്‌. 3200 കാറുകൾക്ക്‌ ഓട്ടോമേറ്റഡ്‌ റോബോട്ടിക്‌ പാർക്കിങ്ങും 1300 കാറുകൾക്ക്‌ സാധാരണ പാർക്കിങ്ങും ലഭ്യമാണ്‌. ഹെലിപാഡ് സൗകര്യവുമുണ്ട്‌. 100 ശതമാനം പവർ ബാക്കപ്, 67 ഹൈസ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ്കോർട്ട്, 600 പേർക്കിരിക്കാവുന്ന അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയുമുണ്ട്. ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ്‌ പോയിന്റുകൾ, ഡാറ്റാ സെന്റർ, ബാങ്ക്‌, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രഷെ, മഴവെള്ളസംഭരണി, മാലിന്യസംസ്കരണപ്ലാന്റ് തുടങ്ങിയവയുമുണ്ട്.


ഇൻഫോപാർക്ക്‌ രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി പുതിയ ഐടി ടവർ സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്‌ 550 കോടി രൂപയാണ്‌ നിക്ഷേപിക്കുന്നത്‌. മൂന്നര ഏക്കറിൽ 10 ലക്ഷം ചതുരശ്രയടിയുള്ള ക്യാമ്പസാണ്‌ ഉയരുക. 7500 പ്രൊഫഷണലുകൾക്ക്‌ ഇവിടെ ജോലി ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home