ചിഹ്നങ്ങൾക്കായി ഹിയറിങ് നാളെ
തദ്ദേശ വോട്ടർപ്പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ചൊവ്വ വൈകിട്ട് അഞ്ചുവരെ പേര് ചേർക്കാം. തിരുത്തലിനും വാർഡ് മാറ്റാനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. അന്തിമ വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിക്കും.
ഇതുവരെ 2,95,875 അപേക്ഷകൾ പേര് ചേർക്കാൻ ലഭിച്ചു. 3,535 അപേക്ഷ തിരുത്തലിനും 36,084 അപേക്ഷ വാർഡ് മാറ്റുന്നതിനും ലഭിച്ചു. 1,21,618 പേരെ ഒഴിവാക്കാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ അപേക്ഷ നൽകി.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
ചിഹ്നങ്ങൾക്കായി ഹിയറിങ് നാളെ
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ പാർടികൾക്ക് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ചുള്ള ഹിയറിങ് ബുധനാഴ്‌ച നടക്കും. ചിഹ്നം അനുവദിച്ച് ഇറക്കിയ കരട് വിജ്ഞാപനത്തിലുള്ള പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നേരിൽ കേൾക്കും.
പകൽ 11 ന് തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ‘ജനഹിതം’ ഓഫീസിൽ ഒന്നാംനിലയിലുള്ള കോർട്ട് ഹാളിലാണ് ഹിയറിങ്. ആക്ഷേപങ്ങളുള്ളവർ ആവശ്യമായ രേഖകൾ സഹിതം എത്തണം.









0 comments