തദ്ദേശസ്ഥാപന വാർഷിക പദ്ധതി ഭേദഗതി ; കൂടുതൽ തുക വേണ്ട പദ്ധതികളുടെ വിഹിതം വർധിപ്പിക്കാം

Lsgd Fund
വെബ് ഡെസ്ക്

Published on Jul 07, 2025, 12:41 AM | 1 min read


തിരുവനന്തപുരം

ലൈഫ് മിഷൻ ഉൾപ്പെടെ കൂടുതൽ തുക ആവശ്യമായ പദ്ധതികളുടെ വിഹിതം വർധിപ്പിപ്പിച്ച്‌ വാർഷിക പദ്ധതി ഭേദഗതി ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അനുമതി. ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അംഗീകാരം നേടിയ 2025–-26 വാർഷിക പദ്ധതിയിൽ അനിവാര്യമായ ഭേദഗതികൾ വരുത്താൻ 15 വരെ അവസരം നൽകിയാണ്‌ സർക്കാർ ഉത്തരവ്‌. അതിഭാരിദ്ര്യ നിർമാർജനത്തിനുള്ള പദ്ധതികൾ നിർബന്ധമായും വാർഷിക പദ്ധതിയുടെ ഭാഗമാക്കണം. നിലവിലുള്ളവയിൽ ഭേദഗതി വരുത്താം. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായ തൊഴിൽ സംരംഭങ്ങൾ, നൈപുണ്യ പരിശീലനം തുടങ്ങിയവ വാർഷിക പദ്ധതിയുടെ ഭാഗമാക്കാം. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായ പ്രോജക്ടുകൾ ഉൾപ്പെടുത്തണം. വികസന ഫണ്ട്, തനത് ഫണ്ട് എന്നിവ വിനിയോഗിച്ച് ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കണം. മാനദണ്ഡങ്ങൾ പാലിക്കാത്തതും അംഗീകാരം ലഭിക്കാത്തതുമായ പദ്ധതികൾ ഒഴിവാക്കി പുതിയവ ഏറ്റെടുക്കണം. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം തുടങ്ങിയവക്കുള്ള പദ്ധതികളും പട്ടികജാതി, പട്ടികവർഗ ഉന്നതികളിലെ വികസനത്തിനുള്ള പദ്ധതികളും പട്ടികജാതി പട്ടികവർഗ ഉപപദ്ധതികളുടെ ഭാഗമാക്കണം. തനത് ഫണ്ട് ലഭ്യമല്ല എന്ന കാരണത്താൽ ഭേദഗതികൾ അനുവദിക്കില്ല. മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പുതിയ പദ്ധതികൾ ഏറ്റെടുക്കുകയോ നിലവിലുള്ള ഭേദഗതി വരുത്തുകയോ വേണം.


തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരംസമിതികൾ പരിശോധിച്ച് ശുപാർശ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ദേദഗതികൾ സംബന്ധിച്ച തീരുമാനം ഭരണസമിതി എടുക്കേണ്ടതാണ്. പൊതുഇടങ്ങളിൽ ആവശ്യമായ ബിന്നുകൾ സ്ഥാപിക്കുന്നതിനും മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ മറ്റ്‌ പദ്ധതികളും മുൻഗണനയിൽ ഉൾപ്പെടുത്തിയ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് മാത്രമേ ജില്ലാ ആസൂത്രണ സമിതികൾ അംഗീകാരം നൽകാവൂയെന്ന്‌ ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home