ad
Deshabhimani

ഡിസംബർ 21നകം പുതിയ ഭരണസമിതി അധികാരമേൽക്കും , ഒരിക്കൽക്കൂടി വോട്ടർപട്ടിക പുതുക്കും

കേരളം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക്‌ ; വോട്ടെടുപ്പ്‌ ഡിസംബറിലെന്ന്‌ സൂചന

lsgd election kerala
വെബ് ഡെസ്ക്

Published on Sep 24, 2025, 03:03 AM | 1 min read

തിരുവനന്തപുരം

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊരുങ്ങി കേരളം. തെരഞ്ഞെടുപ്പ്‌ പ്രക്രിയ നവംബറിൽ തുടങ്ങി വോട്ടെടുപ്പ്‌ ഡിസംബറിൽ നടക്കുമെന്നാണ്‌ സൂചന.

ഒരു തവണകൂടി വോട്ടർപട്ടിക പുതുക്കിയ ശേഷം തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ എ ഷാജഹാൻ അറിയിച്ചു. നിലവിലെ ഭരണസമിതികൾ അഞ്ചു വർഷം പൂർത്തിയാക്കുന്ന ഡിസംബർ 21നകം പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യും.


കഴിഞ്ഞതവണ കോവിഡിന്റെ കൂടി പശ്‌ചാത്തലത്തിൽ മൂന്നു ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്‌. പൊലീസ്‌ മേധാവിയുമായുള്ള ചർച്ചയ്‌ക്കുശേഷമാകും ഇത്തവണത്തെ ഘട്ടം തീരുമാനിക്കുകയെന്നും കമീഷണർ പറഞ്ഞു.


വാർഡ്‌ പുനർവിഭജനത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്‌. 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പ്‌ പിന്നീട്‌. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനം പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ആകെ 2,83,12,463 വോട്ടർമാരുണ്ട്‌. പട്ടിക പുതുക്കുന്പോൾ എണ്ണംകൂടും. പോളിങ്‌ ബൂത്തുകളുടെ എണ്ണം ഒരാഴ്‌ചയ്ക്കുള്ളിൽ തീരുമാനമാകും.


പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്‌ടർമാരോട്‌ നിർദേശിച്ചതായി എ ഷാജഹാൻ പറഞ്ഞു. ഹരിതചട്ടം പാലിച്ചും ഭിന്നശേഷി സ‍ൗഹൃദമായും തെരഞ്ഞെടുപ്പ്‌ നടത്തും.


പരമാവധി വോട്ടർമാരെ പോളിങ്‌ ബൂത്തിലെത്തിക്കാനാണ്‌ ശ്രമം. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ഭിന്നശേഷി വോട്ടർമാർക്കായി സംഘടിപ്പിച്ച ശിൽപ്പശാല സംബന്ധിച്ച റിപ്പോർട്ട്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ യു കേൽക്കർ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർക്ക് കൈമാറി. റിപ്പോർട്ടിലെ പരമാവധി നിർദേശങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ നടപ്പാക്കാൻ ശ്രമിക്കുമെന്ന്‌ എ ഷാജഹാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home