വളർമതി വീണ്ടും സമരപ്പന്തലിൽ; 'സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു'

സമരപ്പന്തലിലേക്ക് വീണ്ടും എത്തുന്ന എസ് വളർമതി
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽനിന്നും പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ സമരസമിതി കൺവീനർ എസ് വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളർമതി പറഞ്ഞു. സമരം അനാവശ്യമാണെന്ന സർക്കാർ വാദത്തോട്, അവർ രണത്തിലെത്തിയപ്പോഴാണല്ലോ ഇത് അനാവശ്യ സമരമായത് എന്നായിരുന്നു വളർമതിയുടെ പ്രതികരണം.
സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല. ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരും. ആരോഗ്യാവസ്ഥ മോശമായ തന്നെയാണ് ബലപ്രയോഗിച്ച് പൊലീസ് കൊണ്ടുപോയത്. ജനറൽ ആശുപത്രിയിലെത്തിച്ചശേഷം രാവിലെ ഏഴരവരെയും ഒരു ചികിത്സയും അനുവദിച്ചില്ല. രക്തവും ബിപിയും പോലും പരിശോധിച്ചില്ലെന്നും തന്നെ സമരകേന്ദ്രത്തിൽനിന്ന് മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും വളർമതി പറഞ്ഞു.
ബുധന്‍ രാത്രി ഒമ്പതോടെയായിരുന്നു സെക്രട്ടറിയറ്റ് പടിക്കലെ സമരപ്പന്തലിനുനേരെ പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. മറ്റ് ഉദ്യോഗാർഥികള്‍ ഭക്ഷണം കഴിക്കാന്‍ പോയ തക്കം നോക്കിയാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, വളർമതിയെ ബലാൽക്കാരമായി കസ്‌റ്റഡിയിലെടുത്തത്. സമരക്കാരുടെ മൈക്കും കസേരയും കട്ടിലും പിടിച്ചെടുത്തു. നിമിഷങ്ങള്‍ക്കകം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതേ സ്ഥാനത്ത് സമരപ്പന്തല്‍ ഉയര്‍ത്തി. ഉദ്യോഗാര്‍ഥികള്‍ സമരവും പുനരാരംഭിച്ചു.
സമരംചെയ്യാനുള്ള അവകാശം ചോദ്യംചെയ്ത മറ്റ് ഉദ്യോഗാർഥികളെ പൊലീസുകാർ പിടിച്ചുതള്ളി. ബുധനാഴ്‌ച സമരപ്പന്തലിൽനിന്ന് ഉദ്യോഗാർഥികളെ നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെയും സിറ്റി പൊലീസ് കമീഷണറുടെയും കർശന നിർദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടുമുതൽ സമരപ്പന്തലിനുസമീപം പൊലീസ് തമ്പടിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30ന് കൂടുതൽ പൊലീസുകാരെത്തി. ഒമ്പതിന് വളർമതിയുടെ അടുത്തെത്തി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അവസാനിപ്പിക്കില്ലെന്ന് വളർമതി അറിയിച്ചതോടെ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസിനെ തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ആക്രമിച്ചു. സമീപത്ത് വി ഡി സതീശനെതിരായ പോസ്റ്ററുകൾ പതിച്ചിരുന്നതും നീക്കി.









0 comments