print edition പ്രതിഷേധക്കടൽ

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന്റെ ഭാഗമായി സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന വളർമതിയെയും എം ജയകൃഷ്ണനെയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ എന്നിവർ സന്ദർശിച്ചപ്പോൾ
തിരുവനന്തപുരം : രാത്രിയുടെ മറവിൽ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിലേക്ക് തള്ളിക്കയറി ആക്രമണം നടത്തിയ പൊലീസ്രാജിൽ തലസ്ഥാനം പ്രതിഷേധക്കടലായി. നീതിക്കായി സെക്രട്ടറിയറ്റിനുമുന്നിൽ 130 ദിവസമായി സഹനസമരത്തിലാണ് ഉദ്യോഗാർഥികൾ. നിരാഹാരമിരിക്കുന്ന സമരസമിതി സെക്രട്ടറി എസ് വളർമതിയെ സ്ത്രീയെന്ന പരിഗണന നൽകാതെ വലിച്ചിഴച്ചും സമരപ്പന്തൽ പൊളിച്ചുമാറ്റിയുമായിരുന്നു പൊലീസിന്റെ വേട്ട.
സമരത്തെ അടിച്ചൊതുക്കാമെന്ന അധികാരഹുങ്കിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നതിന്റെ ശക്തമായ മുന്നറിയിപ്പായി വ്യാഴാഴ്ചത്തെ പ്രതിഷേധസമരങ്ങൾ. അന്പതോളം ഉദ്യോഗാർഥികൾക്കും സമരപ്പന്തൽ പുനഃസ്ഥാപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
ഡിവൈഎഫ്ഐ അടക്കമുള്ള യുവജനസംഘടനകൾ വ്യാഴാഴ്ച രാവിലെ സെക്രട്ടറിയറ്റിനുമുന്നിലേക്ക് മാർച്ച് നടത്തി. ഇവരെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. പലവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധസമരങ്ങൾ തുടർന്നു. സമരത്തിനെ അടിച്ചമർത്താൻ ശ്രമിച്ചാൽ ജന്തർമന്തർ ആവർത്തിക്കുമെന്ന സൂചനയാണ് യുവത നൽകിയത്.
പുനഃസ്ഥാപിച്ച സമരപ്പന്തലിൽ, വ്യാഴാഴ്ച പകൽ പന്ത്രണ്ടോടെ ആശുപത്രിയിൽനിന്ന് മടങ്ങിയെത്തി വളർമതി നിരാഹാര സമരം തുടർന്നു. പൊലീസ് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത വളർമതിക്ക് പകരക്കാരനായിവന്ന കാസർകോട് സ്വദേശി എം ജയകൃഷ്ണനും നിരാഹാരസമരം തുടരും.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ് എംപി, സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എന്നിവർ വ്യാഴാഴ്ച സമരപ്പന്തൽ സന്ദർശിച്ചു.
വളർമതി തിരിച്ചെത്തി, നിരാഹാരം തുടരും
എൽപിഎസ്ടി സമര സമിതി സെക്രട്ടറി എസ് വളർമതി ഡിവൈഎഫ്ഐ പുനഃസ്ഥാപിച്ച സമരപ്പന്തലിൽ വ്യാഴാഴ്ച ഉച്ചയോടെ മടങ്ങിയെത്തി. നിരാഹാരം തുടരുമെന്നും ആവശ്യങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും പ്രഖ്യാപിച്ചു. തന്റെ ആരോഗ്യത്തിലുള്ള സർക്കാരിന്റെ കരുതലിലാണോ അതോ സമരപ്പന്തൽ പൊളിക്കാനാണോ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു.
ബുധൻ രാത്രിയാണ് പൊലീസ് സമരപ്പന്തൽ തകർത്തെറിഞ്ഞ് വളർമതിയെ കസ്റ്റഡിയിലെടുത്തത്. 18 ദിവസമായി നിരാഹാരത്തിലുള്ള വളർമതിയുടെ ആരോഗ്യാവസ്ഥ നോക്കാതെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. ശേഷം ജനറൽ ആശുപത്രി ഐസിയുവിൽ അഡ്മിറ്റ് ചെയ്ത് മാധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നതിൽനിന്ന് ഒഴിവാക്കി. പരിശോധനയിൽ രക്തസമ്മർദവും ഷുഗറും സാധാരണനിലയിലായിരുന്നു.
വളർമതിയെ ഒന്നാം പ്രതിയാക്കി അന്പതോളം ഉദ്യോഗാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജനാധിപത്യസമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നടപടിക്കെതിരെ നടന്ന യുവജനപ്രതിഷേധങ്ങൾക്കാണ് വ്യാഴാഴ്ച തലസ്ഥാനം സാക്ഷിയായത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ, ട്രഷറർ ആർ രാഹുൽ, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ടി എൻ സീമ, കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പലത, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ എന്നിവർ സമരപ്പന്തലിൽ വളർമതിയെ സന്ദർശിച്ചു.
സമരത്തിന് സംരക്ഷണം നൽകും
പ്രതിപക്ഷത്തിരിക്കുമ്പോൾ ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിച്ചവരാണ് അധികാരത്തിൽ വന്നപ്പോൾ സമരങ്ങളോട് അസഹിഷ്ണുത കാണിക്കുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചതോടെയാണ് അവർ സമരത്തിലേക്ക് തിരിഞ്ഞത്.
സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും, അവർ കിടന്ന കട്ടിലുകളും കസേരകളും ഉപയോഗിച്ചിരുന്ന പാത്രങ്ങളുമടക്കം അടിച്ചു തകർക്കുകയും ചെയ്തു. ഉദ്യോഗാർഥികളുടെ സമരത്തിന് എല്ലാവിധ സംരക്ഷണവും പിന്തുണയും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിച്ചിഴയ്ക്കാൻ ഞങ്ങൾ ക്രിമിനലുകളല്ല: വളർമതി
വലിച്ചിഴച്ചുകൊണ്ടുപോകാൻ ക്രിമിനൽ കേസുകളിലെ പ്രതികളല്ല ഞങ്ങളെന്ന് വളർമതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യപരമായി വലിയ ബുദ്ധിമുട്ടുകളുണ്ട്. ബലാൽക്കാരമായി എന്തിന് പിടിച്ചുകൊണ്ടുപോയി ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. സമരത്തെ അസഹിഷ്ണുതയോടെയാണ് സർക്കാർ നേരിട്ടത്. ഏത് രീതിയിലും സമരം പൊളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
പണം കൊടുത്ത് ജോലി നേടാൻ നിർവാഹമില്ലാത്തതിനാലാണ് തെരുവിൽ സമരം ചെയ്യേണ്ടിവന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ സെക്രട്ടറിയറ്റിനുമുന്നിൽ ടെന്റ് കെട്ടി സമരം ചെയ്യാത്തവരാണ് നിങ്ങൾ. ആദ്യമായി സമരവുമായി എത്തുന്പോൾ യുഡിഎഫിന്റെയും ലീഗിന്റെയും ധാരാളം ഫ്ലക്സുകൾ വഴിമുടക്കിയുണ്ടായിരുന്നു. ഹൈക്കോടതി വിധി അപ്പോഴൊന്നും ഓർമയുണ്ടായിരുന്നില്ലേ.
ഓരോ ജില്ലയിലും എത്ര ഒഴിവുണ്ടെന്ന് സർക്കാർ പറയണം. നിയമസഭയിൽ നൽകിയ കള്ളക്കണക്ക് ഞങ്ങൾക്ക് വേണ്ട. നിരാഹാരം കിടക്കുന്നതും തലമൊട്ടയടിച്ച് പ്രതിഷേധിക്കുന്നതും ഭ്രാന്തുണ്ടായതുകൊണ്ടല്ല. സമരമുഖത്തേയ്ക്ക് തള്ളിവിട്ടത് സർക്കാരാണ്–വളർമതി പറഞ്ഞു.
വോട്ടയാടൽ തുടർന്ന് പൊലീസ് സമരക്കാർക്കെതിരെ കേസ്
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി പ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ആകെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. എസ്എഫ്ഐ മാർച്ചുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്, സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തിട്ടുണ്ട്.
ഒരു പന്തൽ പൊളിച്ചാൽ നൂറെണ്ണം ഉയർത്തും: വിജിൻ
സെക്രട്ടറിയറ്റിനു മുന്നിലെ ഒരു സമരപ്പന്തൽ പൊളിച്ചാൽ അതിന് പകരമായി 100 സമരപ്പന്തലുകൾ ഡിവൈഎഫ്ഐ ഉയർത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു. എൽപിഎസ്ടി സമരത്തിന് എല്ലാവിധ പിന്തുണയും സംരക്ഷണവും നൽകും. അടിച്ചമർത്തലുകൾക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
നരേന്ദ്ര മോദി സർക്കാരിന് സമാനമായി മുഖ്യമന്ത്രി വി ഡി സതീശൻ സമരക്കാരോട് ഫാസിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത്. ലക്ഷക്കണക്കിന് റാങ്ക് ഹോൾഡേഴ്സിനെയും ജനങ്ങളെയും വഞ്ചിച്ചാണ് സതീശൻ അധികാരത്തിൽ വന്നത്. ആ വഞ്ചനയ്ക്കെതിരായ പോരാട്ടം ഡിവൈഎഫ്ഐ പൂർണമായി ഏറ്റെടുക്കുമെന്നും എം വിജിൻ പറഞ്ഞു.
മാർച്ചിനുനേരെ മൂന്നുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, ട്രഷറർ ആർ രാഹുൽ, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എൽ എസ് ലിജു, വി അനൂപ്, ജെ ജിനേഷ്, ശിജിത്ത് ശിവസ്, എസ് എസ് നിതിൻ എന്നിവർ പങ്കെടുത്തു.
പിഎസ്സി പരീക്ഷ നടത്തുന്നതാണ് കുഴപ്പമെന്ന് മന്ത്രി ഷംസുദ്ദീൻ
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിന്റെ പഴി മുഴുവൻ പിഎസ്സിക്കുമേൽ ചാരി മന്ത്രി എൻ ഷംസുദ്ദീൻ. ‘എല്ലാ കുഴപ്പങ്ങൾക്കും കാരണം പിഎസ്സി ആണ്. അധ്യാപക തസ്തികകളിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ പുതിയ പരീക്ഷ നടത്തുന്നതാണ് പ്രശ്നം’ – വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അധ്യാപക- വിദ്യാർഥി അനുപാതം കുറച്ചാൽ എൽപി വിഭാഗത്തിൽ മാത്രം 400 കോടിയിലധികം രൂപയുടെ ബാധ്യത ഉണ്ടാകും. നാല് ആവശ്യങ്ങൾ അംഗീകരിച്ചു. എന്നാൽ അധ്യാപക- വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്ന ആവശ്യം തൽക്കാലം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് മേഖലയ്ക്ക് സർക്കാർ എന്തൊക്കെയോ വാരിക്കോരി നൽകുന്നു എന്ന് ഉദ്യോഗാർഥികൾ പ്രചാരണം നടത്തുന്നു. സമരപ്പന്തൽ പൊളിച്ചു നീക്കിയതിനെയും മന്ത്രി ന്യായീകരിച്ചു. പൊലീസുകാർ അനുയോജ്യമായ സമയം തെരഞ്ഞെടുത്തു എന്നായിരുന്നു മറുപടി.
അമിത് ഷായും സതീശനും തമ്മിൽ വ്യത്യാസമില്ല
കേന്ദ്രം ഭരിക്കുന്ന അമിത് ഷായും കേരളം ഭരിക്കുന്ന വി ഡി സതീശനും തമ്മിൽ വ്യത്യാസമില്ലെന്ന് തെളിഞ്ഞെന്ന് ജോൺ ബ്രിട്ടാസ് എംപി. സെക്രട്ടറിയറ്റിനുമുന്നിൽ സമാധാനപരമായി സമരംചെയ്ത ഉദ്യോഗാർഥികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയും സമരപ്പന്തൽ അടിച്ചുതകർക്കുകയും ചെയ്തതിലൂടെ ഇത് കൂടുതൽ വ്യക്തമായി.
എൽപിഎസ്ടി ഉദ്യോഗാർഥികളെ സമരപ്പന്തലിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയാകുംമുന്പ് ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനം ലംഘിച്ചാണ് അതിക്രമം അഴിച്ചുവിട്ടത്. സമരപ്പന്തൽ സംരക്ഷിക്കും, സമരത്തെ പിന്തുണയ്ക്കും.
മന്ത്രിമാരും ഉദ്യോഗസ്ഥരും സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
ഈ നയവുംവച്ച് എങ്ങനെയാണ് കോൺഗ്രസിന് ഡൽഹിയിലെ സമരങ്ങളിൽ പങ്കാളികളാകാൻ കഴിയുക. സമാധാനപൂർണമായ ഒരു സമരം കേരളത്തിൽഅടിച്ചുതകർക്കുന്ന ഇവർക്ക് എങ്ങനെ ഇന്ത്യ ബ്ലോക്കിന്റെ സമരത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.









0 comments