എൽപിജി സബ്സിഡി
print edition ആശങ്ക സൃഷ്ടിച്ച് എണ്ണക്കമ്പനികളുടെ സന്ദേശം

കൊച്ചി: കുടുംബത്തിന്റെ നികുതിവിധേയ വാർഷികവരുമാനം പത്ത് ലക്ഷം കടന്നതിനാൽ ഗാർഹിക പാചകവാതക സബ്സിഡി നിർത്തലാക്കുന്നുവെന്ന, പൊതുമേഖല എണ്ണക്കമ്പനികളുടെ സന്ദേശം ഉപയോക്താക്കളിൽ ആശങ്കയുണ്ടാക്കുന്നു. ‘ലഭ്യമായ ആദായനികുതി രേഖകൾപ്രകാരം, താങ്കളുടെ (അല്ലെങ്കിൽ കുടുംബാംഗത്തിന്റെ) നികുതിബാധക വരുമാനം 10 ലക്ഷം രൂപയെന്ന പരിധി കടന്നിരിക്കുന്നു. ഇതിൽ തർക്കമുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം 1800-– 2333–- 555 എന്ന ടോൾ-ഫ്രീ നമ്പറിൽ പരാതിപ്പെടുകയോ എണ്ണക്കമ്പനിയുടെ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. അല്ലാത്തപക്ഷം എൽപിജി സബ്‌സിഡി നിർത്തലാക്കിയേക്കാം’ എന്ന സന്ദേശമാണ് മൊബൈൽ ഫോണുകളിൽ എത്തുന്നത്.
പത്ത് ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് പ്രത്യേക അപേക്ഷ പ്രകാരം 14.2 കിലോ ഗാർഹിക സിലിണ്ടറിന് 24.50 രൂപ സബ്സിഡി നൽകുന്നുണ്ട്. ഇവർ പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ)യിൽ ഉൾപ്പെടാത്തവരും സാമ്പത്തികപിന്തുണ വേണ്ടവരുമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിന് 300 രൂപയാണ് സബ്‌സിഡി. മാസവരുമാനം 10,000 രൂപയിൽ താഴെയും മോട്ടോർ വാഹനം, റെഫ്രിജറേറ്റർ എന്നിവ സ്വന്തമായി ഇല്ലാത്തവരുമാണ് ദരിദ്രകുടുംബങ്ങൾ. എന്നാൽ ഇരുകൂട്ടർക്കും ഒരേ സന്ദേശമാണ് എണ്ണക്കന്പനികളിൽനിന്ന് ലഭിക്കുന്നത്. ഒരുലക്ഷം പോലും വാർഷിക വരുമാനം ഇല്ലാത്തവർക്കും സന്ദേശം ലഭിച്ചതാണ് ആശങ്കയുണ്ടാക്കുന്നത്.
പൊതു ഉപയോക്താക്കൾക്ക് നൽകിയിരുന്ന സബ്സിഡി 2020ൽ കോവിഡ് കാലത്ത് കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. ഇപ്പോൾ മുഴുവൻ വിലയും നൽകി പാചകവാതകം വാങ്ങുന്നവർക്കും ലഭിക്കാത്ത സബ്‌സിഡി നിർത്തലാക്കുമെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. സന്ദേശത്തെക്കുറിച്ച് എണ്ണക്കമ്പനികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം അയക്കുന്നതെന്നാണ് വിവരം. പാചകവാതക സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള നീക്കം പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്വകാര്യവൽക്കരണത്തിനുള്ള തയ്യാറെടുപ്പാണെന്ന സൂചനയുമുണ്ട്.









0 comments