പാചകവാതക ക്ഷാമം രൂക്ഷം: കൊച്ചിയിൽ നൂറിലധികം ഹോട്ടലുകൾ അടച്ചു

പാചകവാതക ക്ഷാമത്തെ തുടർന്ന് അടച്ച ഹോട്ടലുകളിലെ പാത്രങ്ങൾ പുറത്തുവച്ചിരിക്കുന്നു
കൊച്ചി: ജില്ലയിൽ പാചകവാതക വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് ഹോട്ടൽ മേഖല പ്രതിസന്ധിയിൽ. എൽപിജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മൂലം കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നൂറിലധികം ഹോട്ടലുകൾ താൽക്കാലികമായി അടച്ചുപൂട്ടി.
വരും ദിവസങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഐഒസി പ്ലാന്റിലെ സാങ്കേതിക തടസ്സങ്ങളും ലോറി തൊഴിലാളികളുടെ സമരവുമാണ് വിതരണത്തെ ബാധിച്ചതെന്നാണ് സൂചന.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ കിട്ടാതായതോടെ ചെറുകിട ഹോട്ടലുകളും തട്ടുകടകളുമാണ് ആദ്യം പ്രതിസന്ധിയിലായത്. കരിഞ്ചന്തയിൽ ഉയർന്ന വില നൽകി സിലിണ്ടറുകൾ വാങ്ങേണ്ടി വരുന്നത് സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നതായി ഉടമകൾ പരാതിപ്പെടുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പാചകവാതക വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. നഗരത്തിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.









0 comments