നട്ടം തിരിഞ്ഞ് ജനം; പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്താകെ പ്രതിഷേധം

പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും കേന്ദ്രസർക്കാർ നിസ്സംഗത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ ഉപരോധം
തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രതിഷേധം. എൽഡിഎഫ് നേതൃത്വത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു തുടങ്ങിയ സംഘടനകളുും പ്രതിഷേധ പരിപാടികൾ നടത്തി.
വാണിജ്യാവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം നിലച്ചതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾക്കായും ജനങ്ങൾ പരക്കംപായുകയാണ്. ഇതോടെ വിതരണകേന്ദ്രങ്ങളും സമ്മർദത്തിലാണ്.
ഇന്ത്യയുടെ 60 ശതമാനത്തിലേറെ പ്രകൃതിവാതകം ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നതിനാല്‍ പൈപ്പുവഴിയുള്ള പാചകവാതക വിതരണവും വൈകാതെ നിലയ്‌ക്കും.
അതിനിടെ, പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയപരിധിയിൽ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി . പുതിയ നിര്‍ദേശ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിങ് നടത്താൻ കഴിയും.
രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.
യുദ്ധ മുന്നറിയിപ്പ് കിട്ടിയിട്ടും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വൻകിട നഗരങ്ങളെയാണ് പ്രതിസന്ധി ബാധിക്കുകയെങ്കിൽ കേരളത്തിൽ എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടാകും. എൽപിജി ഉപയോഗിക്കാത്ത വീടുകൾ കേരളത്തിൽ തുച്‌ഛമാണ്. ഹോട്ടലുകൾ അടച്ചുതുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത പരിമിതപ്പെടുത്തിയത് ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗത്തെ ബാധിക്കും.










0 comments