ന്യൂനമർദ്ദം, ചക്രവാതച്ചുഴി ; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു.
തായ്‌ലൻഡ് കടലിടുക്കിനും അതിനോട് ചേർന്ന തായ്‌ലൻഡ്, മ്യാൻമർ പ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി ഇന്ന് വടക്കൻ ആൻഡമാൻ കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി ഒക്ടോബർ 23 ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തുടർന്ന് ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും അടുത്ത മൂന്ന് ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.









0 comments