'വഹാബിനും ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം'; പിഎം ശ്രീ നുണകൾ പൊളിച്ചതിന് നന്ദി പറഞ്ഞ് എം ബി രാജേഷ്

തിരുവനന്തപുരം: രാജ്യസഭയിൽ ചോദ്യങ്ങൾ ചോദിച്ച് പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് സർക്കാരിന്റെ പച്ചക്കള്ളങ്ങൾ പൊളിച്ച ലീഗ് എംപി അബ്ദുൾ വാഹാബിനും കോൺഗ്രസ് എംപി ജെബി മേത്തകർക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്. പിഎം ശ്രീ വിഷയത്തിലെ യുഡിഎഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന് ഒരു ലോഡ് അഭിനന്ദനമെന്ന് എം ബി രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
'യുഡിഎഫ് എംപി മാരെക്കൊണ്ട് ഒടുവിൽ ഗുണമുണ്ടായിരിക്കുന്നു. എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യുഡിഎഫ് നുണയാണ് പാർലിമെൻ്റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്. അബ്ദുൾവഹാബ്, പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കി'- എം ബി രാജേഷ് കുറിച്ചു.
ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പിഎം ശ്രീ അറബിക്കടലിലെറിയാമെന്നും അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
കൺഗ്രാജുലേഷൻസ്...
യുഡിഎഫ് എംപിമാരെ അഭിനന്ദിക്കാൻ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിൻ്റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പിഎം ശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന്. ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യുഡിഎഫ് നുണയാണ് പാർലിമെൻ്റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്.
കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്‌റ്റ് എൽഡിഎഫ് സർക്കാർ നൽകിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലീഗിൻ്റെ സ്വന്തം അബ്ദുൾവഹാബിൻ്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയിൽ പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. Thank you guys. യുഡിഎഫ് എംപി മാരെക്കൊണ്ട് ഒടുവിൽ ഗുണമുണ്ടായിരിക്കുന്നു. അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ.... ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പി എം ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാം.










0 comments