പത്ത് മണിക്കൂറിലേറെ വൈകിയോടി ട്രെയിനുകൾ; പെരുവഴിയിലായി യാത്രക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിലേക്കുള്ള ദീർഘദൂര തീവണ്ടികൾ ഇന്നും മണിക്കൂറുകൾ വൈകിയോടുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. നേത്രാവതി, മംഗള, ഗരീബ്‌രഥ് ഉൾപ്പെടെ അഞ്ചോളം പ്രധാന ട്രെയിനുകളാണ് ഇന്ന് നിശ്ചയിച്ച സമയത്തിലും ഏറെ വൈകി സർവീസ് നടത്തുന്നത്.
ദിബ്രുഗഢ് - കന്യാകുമാരി വിവേക് എക്സ്പ്രസ് പത്ത് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. ഇന്ന് വൈകിട്ട് 7.10ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ഈ ട്രെയിൻ നാളെ പുലർച്ചെ അഞ്ച് മണിക്ക് ശേഷമേ എത്തൂ എന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (നിസാമുദ്ദീൻ - എറണാകുളം) മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്. രാവിലെ 7.30ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 10 മണിക്ക് ശേഷമേ എത്തിച്ചേരൂ. യശ്വന്ത്പുർ - തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് മൂന്നര മണിക്കൂറോളം വൈകി ഓടുന്നു. രാവിലെ 8.10ന് എറണാകുളം നോർത്തിൽ എത്തേണ്ട വണ്ടി ഉച്ചയ്ക്ക് 12 മണിയോടെ മാത്രമായിരിക്കും എത്തുക.
ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് രണ്ട് മണിക്കൂറോളം വൈകിയാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.20ന് എറണാകുളത്ത് എത്തേണ്ട നേത്രാവതി രണ്ട് മണിക്ക് ശേഷമേ എത്തു. ചണ്ടിഗർ - തിരുവനന്തപുരം നോർത്ത് സമ്പർക്കക്രാന്തി രണ്ട് മണിക്കൂർ വൈകി ഓടുന്നു. രാവിലെ 6.05ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ എട്ടുമണിക്ക് ശേഷമാണ് എത്തിയത്. ട്രെയിനുകൾ കൂട്ടത്തോടെ വൈകുന്നത് ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയ നൂറുകണക്കിന് യാത്രക്കാരെയാണ് വഴിയിലാക്കിയിരിക്കുന്നത്.










0 comments