print edition വിശ്വാസ്യത തകർക്കാൻ സർക്കാർ


സ്വന്തം ലേഖകൻ
Published on Sep 28, 2026, 12:13 AM | 1 min read
തിരുവനന്തപുരം:
ലോകായുക്ത, ഉപലോകായുക്തമാരുടെ പ്രവർത്തനങ്ങളിൽ കൈകടത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി. കേന്ദ്രത്തിൽ മോദി സർക്കാർ നടത്തുന്ന കളികളുടെ ചെറിയ പതിപ്പാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് നിയമവിരുദ്ധ യോഗം വിളിച്ചത്.
ഇത്തരം യോഗത്തിൽ ലോകായുക്തയും ഉപലോകായുക്തമാരും പങ്കെടുത്തത് അനുചിതമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോകായുക്തയിൽ പരാതിയുണ്ട്. ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെയും പരാതി വന്നേക്കാം. അത്തരം സാഹചര്യത്തിൽ മന്ത്രി യോഗംവിളിച്ചത് നിയമ സംവിധാനത്തെ അവഹേളിക്കുന്നതും വിശ്വാസ്യത ഇല്ലാതാക്കുന്നതുമാണ്. വ്യക്തമായ അജൻഡയില്ലാതെയാണ് യോഗം വിളിച്ചതെന്നും പറയുന്നു.
24നാണ് മന്ത്രി യോഗം വിളിച്ചത്.
ലോകായുക്ത ജസ്‌റ്റിസ് എൻ അനിൽകുമാർ, ഉപലോകായുക്തമാരായ ജസ്‌റ്റിസ് അശോക് മേനോൻ, ജസ്‌റ്റിസ് വി ഷെർസി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആസഫ് അലി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.യോഗം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവും തെറ്റായ കീഴ്‌വഴക്കവുമാണ് നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയും അധികാര ദുർവിനിയോഗവും അന്വേഷിക്കേണ്ട സ്വതന്ത്ര നീതിന്യായ സ്ഥാപനമാണ് ലോകായുക്ത. ഇൗ സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കാനുള്ള അപകടകരമായ നീക്കമാണ് യുഡിഎഫ് സർക്കാരിന്റേത്.
കേന്ദ്രത്തിൽ ജഡ്‌ജിമാരുടെ നിയമനത്തിലടക്കം മോദിയും അമിത്‌ഷായും ഇടപെടുന്നതിന്റെ അപകടം രാജ്യം അനുഭവിക്കുകയാണ്. ഗ്യാനേഷ്‌കുമാറിലൂടെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത പൂർണമായും തകർത്തു. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം അലയടിക്കുന്പോഴാണ് അഴിമതിക്കെതിരായ നടപടി സ്വീകരിക്കുന്ന ലോകായുക്ത, ഉപലോകായുക്തയെ സംശയനിഴലിലാക്കുന്ന നടപടി.









0 comments