തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; ഉച്ച 12ന് വാർത്താ സമ്മേളനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പൂർത്തിയാക്കി. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. 2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്. പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. അതിനുമുന്പ് ഫലം പ്രഖ്യാപിച്ച്, പുതിയ ഭരണസമിതികൾ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം.
941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്‌ടോബർ അവസാനത്തോടെ പൂർത്തിയാക്കി.
2020ൽ കോവിഡ് കാലത്ത് ഡിസംബർ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ രണ്ടു ഘട്ടമായിരുന്നു. അന്തിമ പട്ടികയിൽ 2,84,30,761 വോട്ടർമാരാണുള്ളത്. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്‌ത്രീകളും 271 ട്രാൻസ്‌ജെൻഡർമാരും. കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ, 35,74,802. കുറവ് വയനാട്ടിൽ, 640183.









0 comments