print edition തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസ് വനിതാ നേതാവ് മത്സരിച്ചത് വ്യാജരേഖ ചമച്ച്


സ്വന്തം ലേഖകൻ
Published on Mar 14, 2026, 02:09 AM | 1 min read
അടൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽനിന്ന് കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ മത്സരിച്ചത് വ്യാജരേഖ ചമച്ച്. മറ്റൊരു കുടുംബത്തിന്റെ റേഷൻകാർഡിൽ ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് പേര് ചേർത്തായിരുന്നു തട്ടിപ്പ്. വീട്ടുകാരുടെ പരാതിയിൽ ശ്രീനാദേവിയുടെ പേര് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ റേഷൻകാർഡിൽനിന്ന് നീക്കി. വിലാസത്തിൽ നിലവിൽ താമസക്കാരില്ലാത്തതിനാൽ റേഷൻകാർഡ് റദ്ദാക്കാനും ഉത്തരവിട്ടു.
വിദേശത്ത് സ്ഥിരതാമസമാക്കിയ ഏറത്ത് തുവയൂർ വടക്ക് കൊല്ലശേരിൽ വീട്ടിൽ സഹോദരങ്ങളായ ശ്രീജിത്ത്, ശ്യാംജിത്, സൻജിത്ത് എന്നിവരാണ് പരാതിക്കാർ. ഇവരുടെ അമ്മ, അന്തരിച്ച യശോദ എസ് പിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് റേഷൻകാർഡ്. യശോദയുടെ ഭർതൃസഹോദരിയുടെ മകളെന്ന വ്യാജേനയാണ് ഏറത്ത് പഞ്ചായത്തിലെ 17–ാം വാർഡിൽ വോട്ടറാകാൻ ശ്രീനാദേവി റേഷൻകാർഡിൽ പേര് ചേർത്തത്. എന്നാൽ കൊല്ലം ജില്ലയിലാണ് ഇവർക്ക് നേരത്തെ വോട്ടുള്ളത്. എസ്ഐആർ നടപടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ശ്രീനാദേവിയുടെ പേര് അനധികൃതമായി ചേർത്തത് യശോദയുടെ മക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.










0 comments