തദ്ദേശം: പുതിയ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു

കോഴിക്കോട് കോർപറേഷനിൽ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയവർ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതലപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോർപറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30നും നടത്തും. ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.
ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തീവ്രവർഗീയ ശക്തികളുമായി പരസ്യമായി കൂട്ടുചേർന്നും ചിലയിടങ്ങളിൽ ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയ യുഡിഎഫിനാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചത്. എറണാകുളം, തൃശൂർ കോർപറേഷൻ പിടിച്ച യുഡിഎഫ് കണ്ണൂർ നിലനിർത്തി. കോഴിക്കോട് എൽഡിഎഫിന് മേൽക്കൈ. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരുവനന്തപുരത്തും യുഡിഎഫ് ഒറ്റക്കക്ഷിയായ കൊല്ലത്തും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തുകളിൽ തുല്യ നില, 7–7. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫിന് നേട്ടം.
ബിജെപി വലിയ ഒറ്റക്കക്ഷിയായ തിരുവനന്തപുരം നഗരസഭയിലും പരവൂർ മുനിസിപ്പാലിറ്റിയിലുമടക്കം പലയിടത്തും നിസ്സാര വോട്ടിന് എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടതും ഇതിന്റെ ഫലം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി വിജയിച്ച 41 വാർഡുകളിലും യുഡിഎഫ് മൂന്നാമതായെന്നു മാത്രമല്ല, വൻതോതിൽ വോട്ടും കുറഞ്ഞു. ഏഴുവാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് 11നും 60നുമിടയിൽ വോട്ടുകൾക്ക്.










0 comments