തദ്ദേശ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തും; തെരഞ്ഞെടുപ്പ് കമീഷണർ

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുമെന്ന്- സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ. 2025 ലെ തദ്ദേശസ്വയംഭരണ പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായും, ഹരിതചട്ടങ്ങൾ പാലിച്ചുമായിരിക്കും നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന ഈ വർഷത്തെ പരിസ്ഥിതിദിനസന്ദേശം ഉൾക്കൊണ്ടാകണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും, പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിൽ പ്ലാസ്റ്റിക് കൈകാര്യം ചെയ്യുകയും വേണമെന്ന് കമീഷണർ പറഞ്ഞു.
ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് അദ്ദേഹം വൃക്ഷത്തൈ നട്ടു. ചടങ്ങിൽ ജീവനക്കാർ സുഗതകുമാരി രചിച്ച “ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി” എന്ന കവിത ആലപിച്ചു. കമീഷൻ സെക്രട്ടറി ബി എസ് പ്രകാശ്, സ്റ്റാഫ് വെൽഫെയർ ക്ലബ് സെക്രട്ടറി അനിൽജോണി, കമീഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









0 comments