print edition സംവരണ വാർഡുകളുടെ 
നറുക്കെടുപ്പ്‌ നാളെ പൂർത്തിയാകും

Local Body Election
avatar
സ്വന്തം ലേഖകൻ

Published on Oct 20, 2025, 02:19 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ്‌ ചൊവ്വാഴ്‌ച പൂർത്തിയാകും. ജില്ലാ പഞ്ചായത്തുകളിലെയും കോഴിക്കോട്‌, കണ്ണ‍ൂർ കോർപറേഷനുകളിലെയും സംവരണ വാർഡുകളാണ്‌ ചൊവ്വാഴ്‌ച നിശ്‌ചയിക്കുക. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്‌ചയിച്ചുകഴിഞ്ഞു.


രാവിലെ 10ന്‌ അതത്‌ കലക്ടറേറ്റുകളിലാണ്‌ ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്‌ചയിക്കാനുള്ള നറുക്കെടുപ്പ്‌. കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ്‌ കോഴിക്കോട്‌ മാനാഞ്ചിറയിലെ ട‍ൗൺഹാളിൽ അർബൻ ഡയറക്ടറുടെ നേതൃത്വത്തിലാണ്‌. രാവിലെ 10ന്‌ കോഴിക്കോടിന്റേതും പകൽ 11.30ന്‌ കണ്ണൂർ കോർപറേഷന്റേതും നടക്കും.


സംവരണ വാർഡുകൾ നിശ്‌ചയിക്കുന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രധാനപ്പെട്ട ഒരു മുന്നൊരുക്കം കൂടി പൂർത്തിയാവുകയാണ്‌. സവിശേഷ വോട്ടർ നന്പർസഹിതമുള്ള അന്തിമ വോട്ടർപട്ടിക 25ന്‌ പ്രസിദ്ധീകരിക്കും. സെപ്‌തംബർ 29ന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയുടെ അടിസ്ഥാനത്തിലാണിത്‌. എസ്‌ഇസി എന്ന ഇംഗ്ലീഷ്‌ അക്ഷരങ്ങൾക്കൊപ്പം ഒന്പത്‌ അക്കങ്ങൾ ചേർന്നതാണ്‌ ഓരോ വോട്ടർക്കുമുള്ള സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്കും ഇ‍ൗ നമ്പർ ഉപയോഗിക്കാം. നിലവിൽ 2,83,52,947 വോട്ടർമാരാണ്‌ കരട്‌ പട്ടികയിലുള്ളത്‌. സ്‌ത്രീ വോട്ടർമാരാണ്‌ കൂടുതൽ. 1,49,59,235 പേരാണുള്ളത്‌.




deshabhimani section

Related News

View More
0 comments
Sort by

Home