സ്ഥാനാർഥികളുടെ ഇരവാദം; സംസ്ഥാനത്ത് അരങ്ങേറുന്നത് പുതിയ രാഷ്ട്രീയ നാടകം: വി ശിവൻകുട്ടി

തിരുവനന്തപുരം: സ്ഥാനാർഥികളുടെ ഇരവാദത്തിലൂടെ സംസ്ഥാനത്ത് ഇപ്പോൾ അരങ്ങേറുന്നത് ഒരു പുതിയ രാഷ്ട്രീയ നാടകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'ജനസേവനം' എന്ന വാക്ക് മറന്നുകളഞ്ഞ ഒരു രാഷ്ട്രീയ പാർടിയുടെ പി ആർ തന്ത്രമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്. വോട്ടവകാശം പോലുമില്ലാത്ത, അല്ലെങ്കിൽ വോട്ടർ പട്ടികയിൽ കൃത്യമായ മേൽവിലാസം ചേർക്കാത്തവരെ സ്ഥാനാർഥികളായി പ്രഖ്യാപിക്കുന്നു. അതിനുശേഷം, നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ, 'ഞങ്ങളെ മത്സരിപ്പിക്കാൻ അനുവദിക്കുന്നില്ല' എന്ന് പറഞ്ഞ് നേതാക്കൾ കരഞ്ഞ് നിലവിളിക്കുന്നു.
ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. ഇവിടുത്തെ നിയമങ്ങളെയും തെരഞ്ഞെടുപ്പ് കമീഷനെയും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്തരം നാടകം. തീരുമാനം എടുക്കാൻ അധികൃതർക്ക് സമയം പോലും നൽകാതെയാണ് ഈ ഇരവാദം. ജനങ്ങളുടെ മുന്നിൽ വിശ്വാസ്യതയോടെ നിൽക്കാൻ കഴിവില്ലാത്തതുകൊണ്ടാണോ, കള്ളക്കഥകൾ മെനഞ്ഞ്, 'ഇരവാദം' പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്? എന്ന് മന്ത്രി ആരാഞ്ഞു.
ഇത്തരം തന്ത്രങ്ങൾ മെനയുന്നവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. മാധ്യമങ്ങൾ ഈ കെണിയിൽ വീഴരുത്. യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. വ്യാജ പ്രസ്താവനകളുടെ പിന്നിലെ രാഷ്ട്രീയ താൽപര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം. നിയമപരമായി ശരിയായ സ്ഥാനാർഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത ഒരു പാർടി എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നതെന്നും വി ശിവൻകുട്ടി ചോദിച്ചു.








0 comments