സീറ്റുവിഭജനംപോലും പൂർത്തിയാക്കാതെയുള്ള പ്രഖ്യാപനത്തിൽ ഘടകകക്ഷികൾ പ്രതിഷേധത്തിൽ
print edition സ്ഥാനാർഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു ; കോൺഗ്രസിൽ ‘നാടൻതല്ല് ’ തുടങ്ങി

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്പ് പലയിടത്തും സ്ഥാനാർഥികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ച് വെട്ടിലായി കോൺഗ്രസ്. സീറ്റുവിഭജനംപോലും നോക്കാതെയുള്ള പ്രഖ്യാപനത്തിൽ ഘടകകക്ഷികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസ് മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോർപറേഷനിൽ തിടുക്കപ്പെട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് അമിതാവേശമാണെന്ന അഭിപ്രായം കോൺഗ്രസ് നേതാക്കൾക്കുണ്ട്. ബുധനാഴ്‌ച ചേരുന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്‌ട്രീയകാര്യ സമിതിയുടെയും യോഗങ്ങളിൽ ഇൗ വിഷയം ചർച്ചയാകും.
കെപിസിസി സെക്രട്ടറിമാരുടെ പട്ടിക പുറത്തിറങ്ങിയിട്ടില്ല. അതിനാൽ നേരത്തെ പ്രഖ്യാപിച്ച ജംബോ പട്ടികയിലെ 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരും നേരത്തെ നിയമിച്ച പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ എന്നിവരുമാണ് പകൽ 12നുള്ള ഭാരവാഹി യോഗത്തിൽ പങ്കെടുക്കുക. വൈകിട്ട് നാലിനാണ് രാഷ്‌ട്രീയകാര്യസമിതി.

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയം പൂർത്തിയായില്ലെങ്കിലും വിമതർ രംഗത്തുവന്നിട്ടുണ്ട്. എം വിൻസെന്റ് എംഎൽഎയ്‌ക്കെതിരെ പരാതിയുയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ കഴിഞ്ഞദിവസം രാജിവച്ചത് വലിയ തിരിച്ചടിയായി.
കൊച്ചിയിൽ കോർപറേഷൻ കൗൺസിലറായ ഘടകകക്ഷി അംഗം പാർടിവിട്ട് ബിജെപിയിലേക്ക് പോയി. ബിജെപി സ്ഥാനാർഥിയാകാൻ ശ്രമിച്ചയാളെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിനെതിരെ മഞ്ചേരിയിലെ മുതിർന്ന നേതാവ് പി അബ്ദുറഹ്‌മാൻ രാജിവച്ചത്, പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി സുജാത ബിജെപിയിൽ ചേർന്നത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിനുള്ളിൽ വലിയ കലാപമുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നത് കോൺഗ്രസിന്റെ മതനിരപേക്ഷ മുഖത്തിന് നാണക്കേടാണെന്ന അഭിപ്രായമുള്ള നേതാക്കളുമുണ്ട്.
വിഷയങ്ങൾ ഒരുപാടുണ്ടെങ്കിലും അൽപ്പസമയം മാത്രം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇതിൽ ഏതെങ്കിലും വിഷയം ഉന്നയിക്കാനാകുമെന്ന അഭിപ്രായം ആർക്കുമില്ല. ഭാരവാഹികളുടെ യോഗത്തിലേക്ക് ഡിസിസി പ്രസിഡന്റുമാരെയും വിളിച്ചി ട്ടുണ്ട്.









0 comments