print edition തദ്ദേശ തെരഞ്ഞെടുപ്പ് ; വോട്ടർമാർക്ക് ഇരിപ്പിടവും കുടിവെള്ളവും നൽകണം: ഹെെക്കോടതി

കൊച്ചി
തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വരി തെറ്റാത്തവിധം ഇരിപ്പിടവും കുടിവെള്ളവും നൽകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു. നിർദേശങ്ങൾ തദ്ദേശ തെരഞ്ഞടുപ്പിൽത്തന്നെ നടപ്പാക്കാനും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടു. വരി നിൽക്കുന്നവരുടെ എണ്ണവും ഏകദേശ കാത്തിരിപ്പുസമയവും വോട്ടർക്ക് വീട്ടിലിരുന്നുതന്നെ തത്സമയം അറിയാൻ കഴിയുന്ന മൊബൈൽ/വെബ് ആപ്പ് പരിഗണിക്കണമെന്നും നിർദേശിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ ബൂത്തുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിൽ തൽക്കാലം ഇടപെട്ടില്ല.
ബൂത്തുകൾ വർധിപ്പിക്കുന്നത് ഭാവിതെരഞ്ഞെടുപ്പുകളിൽ പരിഗണിക്കണമെന്നും മുഴുവൻ വോട്ടർമാരും ബൂത്തിലെത്തുമെന്ന കണക്കുകൂട്ടലിൽ വേണം ഒരുക്കങ്ങളെന്നും കോടതി പറഞ്ഞു. ആപ്പ് തയ്യാറാക്കുന്നതിന് ഹൈക്കോടതി ഐടി വിഭാഗം സമർപ്പിച്ച മാതൃകാനിർദേശങ്ങളും ഉത്തരവിൽ ചേർത്തു. ജനാധിപത്യത്തിൽ വോട്ടറാണ് സൂപ്പർ സ്റ്റാർ. വോട്ടർക്ക് സമയക്കുറവോ സഞ്ചാരപരിമിതിയോ ഉണ്ടാകാം. നീണ്ട വരികണ്ട് ആരെങ്കിലും വോട്ടവകാശം രേഖപ്പെടുത്താതെ മടങ്ങിയാൽ അത് ജനാധിപത്യത്തിന്റെ മരണമണിയാണെന്നും ഉത്തരവിൽ പറഞ്ഞു.
ഒരു പോളിങ് സ്റ്റേഷനിൽ ഒരു ബൂത്ത് എന്ന് പരിമിതപ്പെടുത്തിയ നടപടി മുതിർന്ന പൗരന്മാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിലാണ് നടപടി. പഞ്ചായത്തുകളിൽ 1200 വോട്ടർക്കും നഗരസഭയിൽ 1500 വോട്ടർക്കും ഒരു ബൂത്ത് എന്ന നിലയിലാണ് കമീഷൻ പരിമിതപ്പെടുത്തിയത്. ഇത് അപര്യാപ്തമാണെന്നും വോട്ട് ചെയ്യാൻ എല്ലാവരും എത്താറില്ലെന്ന കമീഷന്റെ വാദം അംഗീകരിക്കാനാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.









0 comments