ബിജെപിക്ക് കുറഞ്ഞത് 1.92 ലക്ഷം വോട്ട്
print edition തൃശൂർ പാർലമെന്റ് സീറ്റിലെ ബിജെപി ജയം കോൺഗ്രസിന്റെ ദാനം

കെ എൻ സനിൽ
Published on Dec 18, 2025, 02:44 AM | 2 min read
തൃശൂർ
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്ക് ജയം സമ്മാനിച്ചത് കോൺഗ്രസ് വോട്ടുകളെന്ന് തെളിയിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്ക്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 2019ൽ ലഭിച്ചതിനേക്കാൾ 86,965 വോട്ട് കുറഞ്ഞിരുന്നു. 74,686 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ പരാജയപ്പെടുത്തിയത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ 61,959 വോട്ട് വർധിച്ചു. പാർലമെന്റിൽ നഷ്‌ടപ്പെട്ട വോട്ടിന്റെ 71 ശതമാനത്തിലേറെ യുഡിഎഫിൽ തിരിച്ചെത്തി.
മണ്ഡലത്തിനുപുറത്തുനിന്നുള്ളവരെ വോട്ടർപ്പട്ടികയിൽ തിരുകിക്കയറ്റിയും കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയുമാണ് സുരേഷ് ഗോപി വിജയിച്ചതെന്നതിന് അടിവരയിടുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് നില. തിരുകിക്കയറ്റിയ ആയിരക്കണക്കിന് വ്യാജവോട്ടുകൾ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അതതിടത്തേക്ക് തിരിച്ചു കൊണ്ടുപോയി. സുരേഷ് ഗോപിയും കുടുംബവും ഇക്കുറി തിരുവനന്തപുരത്താണ് വോട്ട് ചെയ്‌തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പുവിജയത്തിന്റെ ബലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കും എന്നവകാശപ്പെട്ട ബിജെപിക്ക് തൃശൂരിൽ ഒന്നരവർഷത്തിനിടെ നഷ്‌ടമായത് 1.92 ലക്ഷം വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ, 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 1,92,035 വോട്ട് കുറഞ്ഞ് 2,20,303 വോട്ടിലേക്ക് ബിജെപി കൂപ്പുകുത്തി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിന് സമാനമായ വോട്ടുകൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത്. 2021 നേക്കാൾ കൂടിയത് 11,753 വോട്ട് മാത്രം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 2,08,550 വോട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫ് 74,990 വോട്ടും യുഡിഎഫ് 61,959 വോട്ടും വർധിപ്പിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2,93,882 വോട്ടുണ്ടായിരുന്ന ബിജെപി 2024ൽ 1,18,546 വോട്ട് വർധിപ്പിച്ച് 4,12,338 ൽ എത്തിയിരുന്നു. 2019 ൽ 4,15,089 വോട്ട് നേടിയ യുഡിഎഫിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 3,28,124 വോട്ട്‌മാത്രം. 2019 ൽ 3,21,456 വോട്ടുണ്ടായിരുന്ന എൽഡിഎഫ് 2024 ൽ 18,206 വോട്ട് വർധിപ്പിച്ച് 3,39,652 ലെത്തി.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മറിച്ചുനൽകിയ വോട്ടും കള്ളവോട്ടുകളും മാറ്റിനിർത്തിയാൽ കാര്യമായ വളർച്ചയൊന്നും ബിജെപിക്ക് ഉണ്ടായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം. ചാലക്കുടി, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇൗ ഇടിവ് ദൃശ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില അനുസരിച്ച് ജില്ലയിൽ 13 നിയമസഭാ മണ്ഡലത്തിൽ 11 ലും എൽഡിഎഫാണ് മുന്നിൽ. തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നേടിയത്.











0 comments