ad
Deshabhimani

print edition സ്ഥിരംസമിതി തെരഞ്ഞെടുപ്പ് 5 മുതൽ 7 വരെ

local body election
വെബ് ഡെസ്ക്

Published on Dec 29, 2025, 02:18 AM | 1 min read


തിരുവനന്തപുരം

അധ്യക്ഷരും ഉപാധ്യക്ഷരുമായ തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ നടക്കും. അംഗങ്ങളെ തെരഞ്ഞെടുത്താൽ എത്രയുംവേഗം സ്ഥിരംസമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പും നടത്തും.


ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യ–വിദ്യാഭ്യാസം എന്നീ നാല്‌ സ്ഥിരംസമിതികളും ജില്ലാ പഞ്ചായത്തിൽ ഇവയ്‌ക്കുപുറമെ പൊതുമരാമത്തുകൂടി ചേർത്ത്‌ അഞ്ച്‌ സ്ഥിരംസമിതികളുമാണ്‌ രൂപീകരിക്കേണ്ടത്. നഗരസഭകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, വിദ്യാഭ്യാസ–കലാകായികം എന്നീ ആറു സ്ഥിരംസമിതികളുണ്ടാകും. കോർപറേഷനുകളിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി അപ്പീൽ, വിദ്യാഭ്യാസം– കായികം എന്നിങ്ങനെ എട്ട്‌ സ്ഥിരംസമിതികളുമുണ്ടാകും.


ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥിരംസമിതി അംഗങ്ങളുടെയും അധ്യക്ഷരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നത്‌ അതാത് സ്ഥാപനത്തിലെ വരണാധികാരികളാണ്‌. ജില്ലാ പഞ്ചായത്തുകളിലെയും കോർപറേഷനുകളിലെയും വരണാധികാരിയുടെ ചുമതല എഡിഎമ്മിനാണ്. നഗരസഭകളിലെ വരണാധികാരികളെയും കമീഷൻ നിശ്ചയിച്ചിട്ടുണ്ട്.

സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം തദ്ദേശസ്ഥാപനത്തിലാണ് നടക്കുക. ഇതിന്റെ നോട്ടീസ് എല്ലാ അംഗങ്ങൾക്കും യോഗതീയതിക്ക് അഞ്ചു ദിവസം മുമ്പ്‌ വരണാധികാരി നൽകും. നാമനിർദേശം സമർപ്പിക്കേണ്ട അവസാനതീയതിയും സമയവും നോട്ടീസിലുണ്ടാകും. അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ നോട്ടീസ് സ്ഥിരംസമിതി അംഗങ്ങൾക്ക്‌ യോഗതീയതിക്ക് രണ്ട്‌ ദിവസംമുമ്പ്‌ നൽകും.


സ്ഥിരംസമിതി അംഗ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് സ്വയം നാമനിർദേശം സമർപ്പിക്കാം. മറ്റൊരു അംഗം നിർദേശിക്കേണ്ടതോ പിന്താങ്ങേണ്ടതോ ഇല്ല. നാമനിർദേശ പത്രികയ്ക്ക് പ്രത്യേക ഫോറവുമില്ല. എല്ലാ സ്ഥിരംസമിതിയിലും ഒരു സ്ഥാനം സ്ത്രീകൾക്കായി സംവരണംചെയ്തിട്ടുണ്ട്. ചെയർമാൻ സ്ഥാനങ്ങളിലും സ്ത്രീസംവരണം നിശ്ചയിച്ചിട്ടുണ്ട്‌. സ്ത്രീസംവരണ സ്ഥാനത്തേക്കാകും ആദ്യം തെരഞ്ഞെടുപ്പ്.

സ്ഥാനാർഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ ഹാജരായ അംഗങ്ങളിൽനിന്ന്‌ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം തെരഞ്ഞെടുപ്പ് നടത്തും.


മാറ്റിവച്ച അധ്യക്ഷ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

അധ്യക്ഷ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ച സംസ്ഥാനത്തെ ആറ്‌ തദ്ദേശസ്ഥാപനങ്ങളിൽ തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ്‌ നടക്കും. കാസർകോട്ടെ പുല്ലൂർ– പെരിയ, മലപ്പുറത്തെ തിരുവാലി, എറണാകുളത്തെ വെങ്ങോല, കോട്ടയത്തെ എരുമേലി, ആലപ്പുഴയിലെ നെടുമുടി, വിയ്യപുരം എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌. ക്വാറം തികയാത്തതിനെ തുടർന്നാണ്‌ ശനിയാഴ്‌ച ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ നടത്താതിരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home