തദ്ദേശ തെരഞ്ഞെടുപ്പ് ; സംവരണ വാർഡ് നറുക്കെടുപ്പ് 13 മുതൽ , വിജ്ഞാപനമായി

തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡ് നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 13 മുതൽ 21 വരെ. കമീഷന്റെ വെബ് സൈറ്റിൽ (www.sec.kerala.gov.in) വിജ്ഞാപനം ലഭിക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നിശ്‌ചയിക്കുക.
ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് കലക്ടർമാരെയാണ്. 941 പഞ്ചായത്തുകളിൽ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയതികളിൽ രാവിലെ 10ന് കണ്ണൂർ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിലേത് അതാത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും. 152 ബ്ലോക്ക് പഞ്ചായത്തിലേത് 18ന് രാവിലെ 10നാണ്. 14 ജില്ലാപഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതാത് കലക്ടറേറ്റിലും നടക്കും.
17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് തിരുവനന്തപുരം കോർപറേഷന്റെയും പകൽ 2ന് കൊല്ലത്തിന്റെയും 18ന് കൊച്ചി കോർപറേഷൻ ടൗൺഹാളിൽ രാവിലെ 10ന് കൊച്ചിയുടെയും 11.30ന് തൃശൂരിന്റെയും 21ന് രാവിലെ 10ന് മാനാഞ്ചിറ ടൗൺഹാളിൽ കോഴിക്കോടിന്റെയും 11.30ന് കണ്ണൂർ കോർപറേഷന്റെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂർ ഒഴികെയുള്ള 86 മുനിസിപ്പാലിറ്റികളിലേത് 16ന് അതാത് ജില്ലകളിൽ നടക്കും.
മുനിസിപ്പാലിറ്റികളിലെ സംവരണവാർഡുകൾ നിശ്‌ചയിക്കാനുള്ള ചുമതല തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്കും കോർപറേഷനുകളിൽ അർബൻ ഡയറക്ടർക്കുമാണ്.









0 comments