ad
Deshabhimani

print edition ലോൺ ആപ്പുകാർ വലയിലാക്കുന്നത് ഈടുവേണ്ടെന്ന ആകർഷണത്തിലൂടെ

Loan app
വെബ് ഡെസ്ക്

Published on Apr 20, 2026, 12:59 AM | 1 min read

കണ്ണൂർ: ലോൺ ആപ്പുകാർ ആളുകളെ വലയിലാക്കുന്നത് വായ്പയ്ക്ക് ഈടുവേണ്ടെന്ന ആകർഷണത്തിലൂടെ. നടപടിക്രമങ്ങൾ എളുപ്പമാണെന്നതും രേഖയായി ആധാർ കാർഡ് മതിയെന്നതും ആവശ്യക്കാരെ പെട്ടെന്ന് ആകർഷിക്കുന്നു. കൊള്ളപ്പലിശയെക്കുറിച്ചോ തിരിച്ചടവ് മുടങ്ങിയാലുള്ള പിഴപ്പലിശയോ നോക്കാതെയാണ് ഭൂരിഭാഗവും ലോൺ ആപ്പിൽ തലവയ്‌ക്കുന്നത്.


എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്. ആപ്പ്‌ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഗാലറി എന്നിവ ലഭിക്കാൻ അവർക്ക് അനുമതി നൽകുന്നുണ്ട്. കോൺടാക്ട്‌ നമ്പറുകളും ഫോട്ടോകളുമാണ് ലോൺ ആപ്പുകാർ ഈടായി എടുക്കുന്നത്. കോൺടാക്ട്‌ നമ്പറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വായ്പാ തുകയുടെ പരിധി കൂടുന്ന ലോൺ ആപ്പുകളുമുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ തുടർച്ചയായി ഫോണിൽനിന്ന്‌ ശേഖരിച്ച ചിത്രങ്ങൾ നഗ്നദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അയച്ചു നൽകുന്നു. ഇത്തരം ചിത്രങ്ങൾ കോൺടാക്ട്‌ ലിസ്റ്റിലുള്ള വർക്കും അയച്ചുനൽകും. മാനഹാനി ഭയന്ന് പണമടപ്പിക്കുന്നതിനുള്ള സൂത്രമാണിത്.


അനുവദിക്കുന്ന വായ്പയുടെ മൂന്നിലൊരു ഭാഗം ആദ്യംതന്നെ ലോൺ ആപ്പുകാർ പിടിക്കും. 30 മുതൽ 50 ശതമാനംവരെ പലിശയാണ് ഈടാക്കുന്നത്. തിരിച്ചടവ് മുടങ്ങിയാൽ പ്രതിദിനം 500 രൂപവരെ ഈടാക്കും. അംഗീകൃതമല്ലാത്ത ഇത്തരം ലോൺ ആപ്പുകൾക്ക്‌ പിന്നിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരോ വിദേശികളോ ആണ്. കഴിഞ്ഞ ദിവസം നോയിഡയിലെ ഇൻസ്റ്റന്റ്‌ ഫണ്ട്സ് എന്ന സ്ഥാപനത്തിൽനിന്ന് പിടികൂടിയ സിം ബോക്സ് അടക്കമുള്ള സംവിധാനങ്ങൾ ഇവർ ആധുനിക സാങ്കേതികവിദ്യയെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുവെന്നും ഇവരുടെ ശൃംഖല വിപുലമാണെന്നും വ്യക്തമാക്കുന്നു.


സൈബർ തട്ടിപ്പുകൾക്കിരയായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസിന്റെ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ലോ 9497980900 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home