print edition വായ്പതിരിച്ചടവ്: ഏജന്റുമാരെ നിലയ്ക്കുനിർത്താൻ റിസർവ് ബാങ്ക് നിർദേശം

കൊച്ചി: ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പാടാക്കുന്ന റിക്കവറി ഏജന്റുമാരെ നിയന്ത്രിക്കാൻ റിസർവ് ബാങ്ക് കരട് മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു. റിക്കവറി ഏജന്റുമാരും ബാങ്ക് ജീവനക്കാരും വായ്പയെടുത്തവരോട് മാന്യമായി പെരുമാറണം. ഭീഷണി പാടില്ല. വായ്പക്കാരെ അധിക്ഷേപിച്ച് സംസാരിക്കുകയോ അനുചിതമായ സന്ദേശങ്ങൾ അയക്കുകയോ ചെയ്യരുത്.
വായ്പയെടുത്തവരെയോ ജാമ്യക്കാരെയോ രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ മാത്രമേ ബന്ധപ്പെടാവൂ. കടം വാങ്ങുന്നയാളെയോ ജാമ്യക്കാരനെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതും പരസ്യമായി അപമാനിക്കുന്നതും കടുത്ത കുറ്റമാകും.
വായ്പ തിരിച്ചുപിടിക്കൽ സംബന്ധിച്ച പരാതി പരിഹാരത്തിന് എല്ലാ ബാങ്കുകൾക്കും പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം. ബാങ്ക് ഔദ്യോഗികമായി ചുമതലപ്പെടുത്തിയവർമാത്രമേ വായ്പക്കാരെ സമീപിക്കാവൂ. ശാഖകളിലും ആപ്പുകളിലും വെബ്‌സൈറ്റുകളിലും ചുമതലപ്പെടുത്തിയ റിക്കവറി ഏജന്റുമാരുടെ പട്ടിക പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ നിയമിക്കുന്നതിനുമുമ്പ് വായ്പക്കാരെ അറിയിക്കണം.
റിക്കവറി ഏജന്റുമാർ വായ്പയെടുത്തവരെയും ജാമ്യക്കാരെയുംമാത്രമേ ബന്ധപ്പെടാവൂ. വായ്പയെടുത്തയാൾ ആവശ്യപ്പെടുന്ന സ്ഥലത്തോ, വീട്ടിലോ ജോലിസ്ഥലത്തോ മാത്രമേ റിക്കവറി ഏജന്റിന് ചെല്ലാവൂ. കുടുംബത്തിലെ മരണം, വിവാഹം, ഉത്സവങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്യരുതെന്നും കരടുനിർദേശത്തിലുണ്ട്.
മാർച്ച് ആറുവരെ പൊതുജനങ്ങൾക്ക് ഇതിൽ അഭിപ്രായം അറിയിക്കാം. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന മാർഗനിർദേശങ്ങൾ വാണിജ്യ ബാങ്കുകൾ, സ്മോൾ ഫിനാൻസ്, അർബൻ കോ–ഓപ്പറേറ്റീവ്, റീജണൽ റൂറൽ ബാങ്കുകൾ, എൻബിഎഫ്സികൾ എന്നിവയ്‌ക്ക് ബാധകമായിരിക്കും.










0 comments