തുടരുന്ന അനാസ്ഥ; പൊലിയുന്ന ജീവനുകൾ

എഐ പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ജനങ്ങൾക്ക് ആശ്രയമാകേണ്ട സർക്കാർ ആശുപത്രികളിൽ തന്നെ ചികിത്സാപ്പിഴവും അനാസ്ഥയും രൂക്ഷമാകുമ്പോൾ പൊലിയുന്നത് സാധാരണ മനുഷ്യരുടെ ജീവൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതിനുപിന്നാലെ ചികിത്സയിലെ അനാസ്ഥ മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ജീവൻ നഷ്ടമായത് രണ്ടുപേർക്കാണ്. അരമണിക്കൂർ പവർകട്ട് കഴിഞ്ഞതിനുശേഷം ശസ്ത്രക്രിയകൾ നടത്തണമെന്ന് പരിഹാരം പറഞ്ഞ ആരോഗ്യമന്ത്രിയും ലോകത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ തകർത്തുകൊണ്ടിരിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്നുവീണ് രോഗി മരിച്ചതാണ് ഒടുവിലത്തെ ഉദാഹരണം. സംസ്ഥാന തലസ്ഥാനത്തെ മെഡിക്കൽ കോളേജിലാണ് തുടരെതുടരെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൊല്ലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണുമരിച്ചത്.
സമാനമായ രീതിയില്‍ ജൂണിലും ചികിത്സയ്ക്കെത്തിയ വയോധികന്‍ കട്ടിലില്‍ നിന്ന് വീണു മരിച്ചു. നെയ്യാറ്റിന്‍കരയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ രോഗി അരമണിക്കൂറോളം ക്യൂവില്‍ നിന്നതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ആർസിസിയിൽ ബയോപ്സി കഴിഞ്ഞ് നീരിക്ഷണമുറിയിൽ കിടന്ന വയോധികൻ കട്ടിലിൽനിന്ന് വീണ് മരിച്ചു. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വ്യക്തിയുടെ തുന്നലിട്ട കാലിൽ നിന്നും പിന്നീട് മരക്കഷ്ണം പുറത്തെടുക്കുന്ന അവസ്ഥ വരെയുണ്ടായി.
യുഡിഎഫ് അധികാരത്തിലെത്തിയതുമുതല്‍ പൊതു ആരോഗ്യ സംവിധാനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാണ്. സ്വകാര്യ മേഖലയെ വളര്‍ത്താനായി മനപൂര്‍വം പൊതുമേഖല ആശുപത്രികളെ തകര്‍ക്കുകയും മോശമായി ചിത്രീകരിക്കുകയുമാണ് യുഡിഎഫ്.
ജൂണിൽ ജീവൻ നഷ്ടമായത് വിൽഫ്രഡിന്
ഈ വർഷം ജൂണിൽ സമാനമായുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശി വിൽഫ്രഡിനാണ് ജീവൻ നഷ്ടമായത്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ് വിൽഫ്രഡ് കട്ടിലിൽ നിന്ന് വീണത്. കുറച്ചു സമയത്തിനുള്ളിൽ മരിച്ചു. ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ചിട്ടും നടപടിയോ അന്വേഷണമോ ഉണ്ടായില്ല.
കാലിൽ പുഴുവരിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല
ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ശുശ്രൂഷകൾ നൽകാഞ്ഞതിനാൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം റിപ്പോർട്ട് ചെയ്തതും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു തന്നെ. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുരവസസ്ഥയുണ്ടായത്.
മെയ് 28-നാണ് ബൈക്കപകടത്തെ തുടർന്ന് രാജേന്ദ്രപ്രസാദിനെ ആശുപത്രിയിലെത്തിച്ചത്. അന്നുതന്നെ ശസ്ത്രക്രിയ നടത്തി കാലിൽ കമ്പിയിട്ടു. അതീവ ജാഗ്രത വേണ്ട ഐസിയുവിലായിരുന്നു നാലുദിവസം രാജേന്ദ്രപ്രസാദ്. എന്നിട്ടും മുറിവ് പരിശോധിച്ചില്ല. വാർഡിലേക്ക് മാറ്റിയ ശേഷവും അനാസ്ഥ തുടർന്നു. മുറിവിന്റെ കെട്ടിൽ നിന്ന് പുഴുക്കൾ വീഴുന്നത് കണ്ട ബന്ധുക്കൾ വിവരമറിയിച്ചപ്പോഴും നോക്കാം എന്നുമാത്രമായിരുന്നു മറുപടി. വിശദമായ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിട്ടും പേരിൽ മാത്രം ഒതുങ്ങി.
മറ്റു സംഭവങ്ങൾ
ജൂലൈ 20 തിരുവനന്തപുരം- തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതിൽ ഗുരുതരവീഴ്ച. മൊബൈൽ ഫോണിലെ വെളിച്ചത്തിൽ രോഗിയുടെ മുറിവ് വെച്ചുകെട്ടി. ആശുപത്രിയിൽ വൈദ്യുതിയില്ലാതിരുന്നതിനാലാണ് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‍സിയിൽ എത്തിയത്. എന്നാൽ ആശുപത്രിയിൽ കറണ്ടുണ്ടായിരുന്നില്ല. തുടർന്ന് രോഗിയ്ക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈൽ ഫോൺ വെളിച്ചം അടിപ്പിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു. ആശുപത്രിയിൽ ജനറേറ്റർ ഉണ്ടായിരുന്നെങ്കിലും പ്രവർത്തനരഹിതമായിരുന്നു.
ജൂലൈ 20 ആലപ്പുഴ- ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിക്ക് ചികിത്സയിൽ കഴിഞ്ഞ യുവാവിന് കാൻസർ രോഗിക്ക് നൽകേണ്ട കുത്തിവയ്പ് മാറിനൽകി. പുന്നപ്ര സ്വദേശിയായ യുവാവിനാണ് മരുന്നുമാറി കുത്തിവെച്ചത്. കൂട്ടിരിപ്പുകാരൻ പറഞ്ഞപ്പോഴാണ് മരുന്നുമാറിയ വിവരം അറിച്ചത്. മരുന്ന് മാറിയതിനുപിന്നലെ യുവാവിന്റെ ആരോഗ്യനില വഷളായി.
ജൂലെ 9 നെയ്യാറ്റിൻകര- നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ നെയ്യാറ്റിൻകര സ്വദേശി രാജേഷ് കുമാർ ഡോക്ടറെ കാണാൻ ക്യൂവിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവിൽ നിൽക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. അരമണിക്കൂറോളം ക്യൂവിൽ നിന്നതിനുപിന്നാലെയാണ് രാജേഷ് കുഴഞ്ഞുവീണത്.
ജൂലെ 1 കോഴിക്കോട്- നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി രോഗി മരിച്ചു. ആശുപത്രിയിൽ കിടത്തിച്ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി ചന്ദ്രനാണ് മരുന്നിന് പകരം ഉറക്കഗുളിക നൽകിയത്. ഇതോടെ ചന്ദ്രൻ അബോധാവസ്ഥയിലായി. ആരോഗ്യനില വഷളായപ്പോൾ ജൂൺ 23ന് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ജൂൺ 30 കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി- ശസ്ത്രക്രിയ നടത്താൻ ഡോക്ടറില്ലെന്നുപറഞ്ഞ് മടക്കിയയച്ച യുവാവ് അസുഖം മൂർച്ഛിച്ച് മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് മടക്കി അയച്ച നിർമാണ തൊഴിലാളിയായ ബാബു (43) ആണ് മരിച്ചത്. ജോലിക്കിടയിൽ കാലിൽ ടൈൽ വീണ് മുറിവുണ്ടായതോടെയാണ് ബാബു ചികിത്സ തേടിയത്. മുറിവിനുപിന്നാലെ കടുത്ത പനിയും ബാധിച്ചു. മുറിവിൽ പഴുപ്പുള്ളതിനാൽ ശസ്‌ത്രക്രിയ വേണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും സർജൻ ഇല്ലെന്നു പറഞ്ഞ് മടക്കിയയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയ ബാബു അടുത്ത ദിവസം മരണപ്പെട്ടു.
ജൂൺ 23 വയനാട് - സ്‌കൂളിൽനിന്ന് വീണ് കൈ പൊട്ടിയ ആദിവാസി ബാലികയ്‌ക്ക് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു. ഒമ്പതുവയസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. എന്നാൽ അടുത്ത ദിവസം മാത്രമേ ശസ്ത്രക്രിയ ചെയ്യാൻ പറ്റൂ എന്ന് അറിയിച്ചതിനാൽ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
ജൂൺ 23 കോഴിക്കോട് - കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒമ്പതുവയസ്സുകാരന് മരുന്ന് മാറി നൽകി. അപ്പെൻഡിസൈറ്റിസ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സതേടിയ ചാത്തമംഗലം സ്വദേശിയായ ഒമ്പതുവയസ്സുകാരന് നൽകിയത് ഗാസ്ട്രബിളിനുള്ള ചികിത്സ. ആരോഗ്യനില വഷളായതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപ്പെൻഡിസൈറ്റിസ് ആണെന്ന് സംശയം ഉന്നയിച്ചിട്ടും ഗാസ്ട്രബിളാണെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ അതിഗുരുതരമായി അണുബാധയേറ്റതായി സ്ഥിരീകരിച്ചു.
ജൂൺ 23 കോട്ടയം - കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവശേഷം മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കി. അയൺ ഗുളികക്ക് പകരം പ്രമേഹത്തിന്റെ ഗുളികയാണ് നൽകിയത്. ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയ വിവരം മനസിലാക്കുന്നത്.
ജൂൺ 20 ആർസിസി തിരുവനന്തപുരം- ആർസിസിയിൽ ബയോപ്സി കഴിഞ്ഞ് നീരിക്ഷണമുറിയിൽ കിടന്ന വയോധികൻ കട്ടിലിൽനിന്ന് വീണ് മരിച്ചു.
ജൂൺ 15 മാനന്തവാടി - അർബുദം ബാധിച്ച് മുഖത്ത് വ്രണം വന്ന ആദിവാസി വയോധികന് ചികിത്സ നിഷേധിച്ചു. മുഖത്ത് പുഴുവരിച്ചിട്ടും മതിയാട ചികിത്സ നൽകിയില്ല. മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂർനാട് ക്യാൻസർ സെന്റർ എന്നിവിടങ്ങളിലായി മാറിമാറി എത്തിയിട്ടും ചികിത്സ നിഷേധിച്ചു
ജൂൺ 6 കോഴിക്കോട് - പ്രസവ സമയത്ത് തോളെല്ല് കുടുങ്ങി പൊട്ടിയ നവജാതശിശുവിന് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിൽസ നിഷേധിച്ചു.
ജൂൺ 3 പാലക്കാട് - കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വയറുവേദനയ്‌ക്ക് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് കുത്തിവയ്‌പ്പ് എടുത്തതിനെത്തുടർന്ന് കാല് തളർന്നു. കുഴൽമന്ദം സ്വദേശിനിയായ 28കാരിയുടെ ഇടതുകാലാണ് തളർന്നത്. വയറുവേദനയെത്തുടർന്ന് ഡോക്ടറെ കാണിച്ച് ഇടുപ്പിൽ ഇഞ്ചക്ഷൻ എടുത്ത് വീട്ടിലേക്ക് വന്നതിന് പിന്നാലെ ഇടതുകാലിന് വേദനയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. കുത്തിവയ്‌പ്പിനെത്തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന സങ്കീർണതകൾ ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് കണ്ടെത്തി
മെയ് 29 മഞ്ചേരി- മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 73-കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനുപിന്നാലെ ആരോഗ്യനില വഷളായി ഒന്നരവയസ്സുകാരൻ മരിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.
ഇവയ്ക്കെല്ലാം പുറമെ പകർച്ച വ്യാധികൾ മൂലം മരിച്ചവരും ഏറെയുണ്ട്. എന്നാൽ കള്ളക്കണക്കുകളും മുടന്തൻ ന്യായങ്ങളും നിരത്തി വിഷയത്തെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രിയാകട്ടെ വിഷയങ്ങളൊന്നും കണ്ടതായി പോലും നടിച്ചിട്ടില്ല.










0 comments