Deshabhimani

print edition കുഞ്ഞ്‌ നവനീതും വലിയ ഉത്തരങ്ങളും

navaneeth

നവനീത് സന്തോഷിനെ അച്ഛൻ സന്തോഷ് കുമാർ 
മത്സരകേന്ദ്രത്തിലേക്ക് 
എടുത്തുകൊണ്ടുവരുന്നു

വെബ് ഡെസ്ക്

Published on Oct 26, 2026, 01:30 AM | 1 min read

തിരുവനന്തപുരം : നാലാം ക്ലാസിലെ ചേട്ടൻമാരോടും ചേച്ചിമാരോടും ഇഞ്ചോടിഞ്ച്‌ മത്സരിച്ച രണ്ടാം ക്ലാസുകാരൻ കുഞ്ഞ്‌ നവനീതിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. എൽപി വിഭാഗം ക്വിസിൽ പങ്കെടുത്ത നവനീത്‌ സന്തോഷ്‌ ടൈപ്പ്‌ 1 സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ബാധിതനാണ്‌. ഒരു കസേരയിൽ ഒറ്റയ്‌ക്കിരുന്നാണ്‌ മത്സരിച്ചത്‌. എഴുന്നേറ്റ്‌ നിൽക്കാനാകാത്തതിനാൽ ഉത്തരമെഴുതിയാലുടൻ കൈ ഉയർത്തും. 14 മാർക്കുവരെ നേടി അവൻ കുതിച്ചു.


ഒരു ഉത്തരം കിട്ടിയില്ല. 15 മാർക്കുവാങ്ങി മത്സരത്തിൽ അവശേഷിച്ചത്‌ രണ്ട്‌ നാലാംക്ലാസുകാർ മാത്രം. വിജയിയെ കണ്ടെത്താൻ ടൈ ബ്രേക്കറിൽ അഞ്ച്‌ ചോദ്യങ്ങൾ വേണ്ടിവന്നു. ആ അഞ്ച്‌ ചോദ്യത്തിനും നവനീതിന്‌ ശരിയുത്തരമുണ്ടായിരുന്നു. മത്സരം കഴിഞ്ഞതോടെ തന്നെ വന്നെടുത്ത അച്ഛന്റെ തോളിലിരുന്ന്‌ നവനീത്‌ കണ്ണീരണിഞ്ഞു. ആശ്വാസവാക്കുകളുമായി അധ്യാപകരും മറ്റ്‌ മത്സരാർഥികളുടെ രക്ഷിതാക്കളുമെത്തി. നീ മിടുമിടുക്കനാണ്‌ കരയരുത്‌ എന്ന്‌ എല്ലാവരും പറഞ്ഞതോടെ നവനീത്‌ ചിരിച്ചു.


കാട്ടായിക്കോണം ഗവ. മോഡൽ യുപി സ്‌കൂൾ വിദ്യാർഥിയായ നവനീതിനെ മത്സരത്തിന്‌ എത്തിക്കാനാകുമോയെന്ന ആശങ്കയിലായിരുന്നു അച്ഛൻ സന്തോഷ്‌ കുമാർ. ചെറിയ പനി വന്നാൽപ്പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരും. ടൈപ്പ്‌ 1 എസ്‌എംഎയ്‌ക്ക്‌ എസ്‌എടി, കിംസ്‌ ആശുപത്രികളിലാണ്‌ തെറാപ്പി അടക്കം ചികിത്സ. മത്സരിക്കാനുള്ള വലിയ ആവേശത്തിലായിരുന്നു. നവനീതിനെ കട്ടിലിൽ കിടത്തി അടുത്തിരുന്ന്‌ പുസ്‌തകങ്ങളും പത്രവും വായിച്ചുകൊടുത്താണ്‌ മത്സരത്തിനൊരുക്കിയത്‌. അധ്യാപകരുടെ വലിയ പിന്തുണയുണ്ടെന്നും സന്തോഷ്‌ കുമാർ പറഞ്ഞു. പരുത്തിപ്പാറ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷനിലെ ഓപ്പറേറ്ററാണ്‌ സന്തോഷ്‌. വിഎസ്‌എസ്‌സിയിലാണ്‌ അമ്മ അനുശ്രീ ജോലിചെയ്യുന്നത്‌. രണ്ട്‌ വയസ്സുള്ള നവതേജ്‌ സന്തോഷ്‌ സഹോദരൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home