ad
Deshabhimani

ജീപ്പിൽ മദ്യക്കുപ്പി; മദ്യപിച്ചിരുന്നെന്ന് രക്തപരിശോധനാ ഫലം: എസ്ഐയ്‍ക്കും സിപിഒയ്‍ക്കും സസ്‍പെൻഷൻ

liquor at police vehicle
avatar
സ്വന്തം ലേഖകൻ

Published on Jul 26, 2026, 12:00 PM | 2 min read

തൊടുപുഴ : പൊലീസ് ജീപ്പില്‍ നിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തില്‍ കരിമണ്ണൂർ എസ്ഐ എൻ എസ് റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‍പെൻഡ് ചെയ്‍തെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ നസീം പറഞ്ഞു. രണ്ടുപേരും മദ്യപിച്ചെന്ന് സ്ഥിരീകരിക്കുന്ന രക്ത പരിശോധനാ റിപ്പോർട്ട് കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്‍സ് ലാബിൽനിന്ന് ലഭിച്ചു. തുടർന്ന് ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ശേഷമാണ് ശനി വൈകിട്ടോടെ നടപടിയെടുത്തത്. സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ കാമ്പയിൻ നടക്കുന്നതിനിടെയാണ് പൊലീസിന് നാണക്കേടായി ഉദ്യോഗസ്ഥർ മാറിയത്. ഇരുവരും സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിൽനിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉൽപ്പന്നവും ചീട്ടും കണ്ടെത്തിയിരുന്നു.


കഴിഞ്ഞ 20ന് പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവലയിലായിരുന്നു സംഭവം. ഇവിടെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ വലിയ സ്‍ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. കളി കഴിഞ്ഞപ്പോൾ എൻ എസ് റോയിയും ജിജോ ആന്റണിയുമെത്തി പരിപാടി ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെയാണ് എസ്ഐയും വാഹനമോടിച്ചിരുന്ന സിപിഒയും മദ്യപിച്ചിട്ടുണ്ടെന്ന് കൂടിനിന്നവർക്ക് സംശയം തോന്നിയത്. ഇതോടെ അവർ തൊടുപുഴ സിഐ സിജോ വർഗീസിനെ വിവരമറിയിച്ചു. അദേഹമെത്തി വാഹനം പരിശോധിച്ച് മദ്യക്കുപ്പി കണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് നിരോധിത പുകയില ഉൽപ്പന്നവും ചീട്ടും കണ്ടെത്തിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ രക്ത സാമ്പിളുകൾ പരിശോധനയ്‍ക്കയച്ചു. ഇതിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ലഭ്യമായത്. "സംഭവദിവസം മുതലുള്ള എല്ലാ വിവരങ്ങളും രേഖകളും ഡിഐജിക്കുള്ള റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നിലവിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടില്ല, ഡ്യൂട്ടി സമയം മദ്യപിച്ചതും മദ്യക്കുപ്പിയടക്കമുള്ളവ ഔദ്യോഗിക വാഹനത്തിൽ സൂക്ഷിച്ചതും ഒരുകേസിന്റെ ഭാഗമായാകും പരിഗണിക്കുക', എ നസീം പറഞ്ഞു. വെള്ളിയാഴ്‍ച ഇരുവർക്കും ഹൈക്കോടതി നോട്ടീസും നൽകിയിരുന്നു.

ഇഴച്ചിഴച്ച്‌ ഉറപ്പിച്ചു


സംഭവദിവസം തന്നെ എസ്ഐയുടെ പരാതിയിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഐ എം ഏരിയ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 208 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്യക്കുപ്പിയും മറ്റും നാട്ടുകാർ ജീപ്പിലിട്ടതാണെന്നായിരുന്നു എഫ്ഐആറിൽ. എസ്ഐയ്‍ക്കും സിപിഒയ്‍ക്കുമെതിരെ നടപടികൾ രക്ത പരിശോധനാ ഫലം വന്നശേഷം എന്ന നിലപാടിലുമായിരുന്നു പൊലീസ്. 20ന് പകൽ അയച്ച രക്ത സാമ്പിളുകൾ പരിശോധിച്ച റിപ്പോർട്ട് ലഭ്യമായെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത് ആറാംനാൾ . സംഭവ സമയം തൊടുപുഴ സ്റ്റേഷനിൽനിന്ന് എത്തിച്ച ബ്രീത്ത് അനലൈസർ തകരാറിലാണെന്ന് വ്യക്തമായിട്ടും മറ്റൊന്ന് എത്തിക്കാൻ പൊലീസ് ശ്രമിച്ചില്ല. ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് സമ്പാദിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കം എല്ലാ മാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് കൃത്യമായ നടപടികളിലേക്ക് നീങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home