ad
Deshabhimani

അസമിൽ മോദിക്കെതിരെ മുദ്രാവാക്യവുമായി മന്ത്രിയുടെ മകൾ, ആരും ട്രോളരുതേയെന്ന് മുഖ്യമന്ത്രി

dibhisha
വെബ് ഡെസ്ക്

Published on Jul 26, 2026, 12:55 PM | 2 min read

ഗുവാഹത്തി: പരീക്ഷാ ക്രമക്കേടുകളിലും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കടുത്ത പരാജയങ്ങളിലും മനംമടുത്ത് പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികൾക്ക് പിന്തുണയുമായി സമരരംഗത്തിറങ്ങിയ അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷയെ ഗുണദോഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മകളുടെ പേരിൽ തന്റെ മന്ത്രിസഭയിലെ പ്രമുഖനായ കേശബ് മഹന്തയെ ആരും ട്രോളരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പും നൽകി.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിൽ അസം റവന്യൂ മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിഷ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയും ആവേശവുമായിരുന്നു. എന്നാൽ ഈ വിഷയം ഇനിയാരും പറയുകയോ ട്രോളുകയോ ചെയ്യരുതെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി.


അസം ഗണ പരിഷത്ത് നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ കേശബ് മഹന്തയുടെ മകൾ ദിബിഷ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. തീവ്ര വര്‍ഗ്ഗീയ നിലപാടുകളിലൂടെ മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായി മാറിയ ഹിമന്തയെ ഇത് പ്രതിരോധത്തിലാക്കി. സമര സമയത്ത് പതിവ് ന്യായീകരണങ്ങളും വിഭാഗീയത കത്തിക്കുന്ന ഡയലോഗുകളും ഇല്ലാതെ നിശ്ശബ്ദനായിരുന്നു.


dibisha and fatherദിബിഷയും പിതാവ് കേശബ് മഹന്തയും


കുട്ടികൾ മുതിർന്നു കഴിഞ്ഞാൽ അവരുടെ രാഷ്ട്രീയ നിലപാടുകൾ മാതാപിതാക്കളുടെ ആശയങ്ങളുമായി ഒത്തുപോകണമെന്നില്ലെന്നും അതിനാൽ ഇതിന്റെ പേരിൽ മന്ത്രിയെ ആക്രമിക്കരുതെന്നും പറഞ്ഞ് ഒഴിയുകയാണ് ഇപ്പോൾ. ഗുവാഹത്തിയിലെ ചാചൽ പ്രദേശത്ത് വിദ്യാർത്ഥികളും യുവജന സംഘടനകളും ചേർന്ന് സംഘടിപ്പിച്ച വലിയ പ്രതിഷേധ കൂട്ടായ്മയിലാണ് ദിബിഷ മഹന്ത പങ്കെടുത്തതും മുദ്രാവാക്യം വിളിച്ചതും. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഗുവാഹത്തിയിൽ പ്രതിഷേധം.


യുകെയിലെ പ്രമുഖ സർവകലാശാലകളായ യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്, എസ്ഒഎഎസ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നാണ് ദിബിഷ ബിരുദം പൂര്‍ത്തിയാക്കിയത്. ഇന്റർനാഷണൽ സ്റ്റഡീസ്, നാഷണലിസം തുടങ്ങിയ വിഷയങ്ങളിൽ അവർ ബിരുദാനന്തര ബിരുദവും നേടി. പഠനത്തിനിടെ അടുത്തിടെയാണ് അവർ നാട്ടിൽ തിരിച്ചെത്തിയത്.


"മകൾ നടത്തുന്ന പ്രതിഷേധത്തിന്റെ പേരിൽ നമ്മൾ കേശബ് മഹന്തയെ ട്രോൾ ചെയ്യേണ്ടതില്ല.മകൾക്ക് പിതാവിന്റെ അതേ രാഷ്ട്രീയ ആശയങ്ങൾ ഉണ്ടാകണമെന്നില്ല.നാളെ എന്റെ മകൻ വക്കീൽ പ്രാക്ടീസ് ചെയ്യുമ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത ഒരാൾക്ക് വേണ്ടി കോടതിയിൽ ഹാജരായേക്കാം,"എന്ന് ഹിമന്ത ബിശ്വ ശർമ്മ പിന്നീട് തന്റെ നിലപാടുകൾ കൂടുതൽ വിശദീകരിക്കയും ചെയ്തു. മന്ത്രിയുടെ മകൾ വിളിച്ച മുദ്രാവാക്യങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും അടുത്ത തവണ കാണുമ്പോൾ അവളോട് സംസാരിച്ച് ചെയ്തത് ശരിയായില്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വിഷയം സംസ്ഥാനത്തും പുറത്തും വലിയ ചര്‍ച്ചയായി. യുവത്വം പ്രാകൃതമായ വിശ്വാസ പ്രമാണങ്ങൾ മുൻനിര്‍ത്തിയുള്ള വിദ്വേഷ രാഷ്ട്രീയത്തെയും വംശീയതകളെയും മറികടന്ന് മുന്നേറുകയാണ് എന്നാണ് കമന്റുകൾ ഉര്‍ന്നത്. വിദ്യാര്‍ഥിയായ മകളുടെ പ്രതിഷേധത്തെ കുറിച്ച് റവന്യൂ മന്ത്രി കേശബ് മഹന്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home