ഫ്ലിപ്കാർട്ട് ആപ്പിൽ ഇനി ഭക്ഷണ വിതരണവും; പുതിയ സേവനത്തിന് ഒരുങ്ങി കമ്പനി

ന്യൂഡൽഹി : സൊമാറ്റോയുടെയും സ്വിഗിയുടെയും പാത പിന്തുടരാൻ ഫ്ലിപ്കാർട്ടും. ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ വിപണയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട്. ആദ്യം ചെറിയ രീതിൽ ആരംഭിച്ച്, ഉപഭോക്താക്കളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ സേവനം മെച്ചപ്പെടുത്തി രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത് കമ്പനി പറയുന്നു.
ആഴ്ചകൾക്കുള്ളിൽ കമ്പനി ഓൺലൈൻ ഭക്ഷണ വിതരണ സേവനം ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി വ്യക്തമാക്കി. ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്ന ക്വിക്ക് കൊമേഴ്‌സ് ബിസിനസിനായി കമ്പനി പിന്തുടർന്നതും സമാനമായ ഘട്ടം ഘട്ടമായുള്ള സമീപനമാണ്.
പ്രത്യേക ആപ്പ് വഴിയും ഫ്ലിപ്കാർട്ട് മിനിറ്റ്സ് പോലെ ഫ്ലിപ്കാർട്ട് ആപ്പിനുള്ളിൽ നിന്നും ഉപഭോക്താക്കൾക്ക് ഭക്ഷണ വിതരണ സേവനം ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. എന്നാൽ തുടങ്ങാനിരിക്കുന്ന പുതിയ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ പേരെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒഎൻഡിസി) സംയോജിപ്പിച്ച് ഈ സേവനം ലഭ്യമാക്കാനും പദ്ധതിയുണ്ട്.
കൂടുതൽ റെസ്റ്റോറന്റുകൾ, വിശ്വസനീയമായ സേവനം, വേഗത്തിലുള്ള ഡെലിവറി, എന്നിങ്ങനെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് കമ്പനി ശ്രമിക്കുന്നത്. ഫ്ലിപ്കാർട്ട് കൂടെ കടന്നുവരന്നതോടെ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ മേഖല കൂടുതൽ മത്സരാധിഷ്ഠിതമാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.









0 comments