തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് ചത്തു

Lion-Tailed Macaque

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 07, 2025, 06:29 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹവാലൻ കുരങ്ങുകൾ തമ്മിൽ കടിപിടി. ​ഗുരുതരമായി പരിക്കേറ്റ ഒരു കുരങ്ങ് ചത്തു. 23 വയസ്സുള്ള രാമൻ എന്ന ആൺ സിംഹവാലൻ കുരങ്ങാണ് ചത്തത്. ബുധനാഴ്ച രാവിലെ കൂട് വൃത്തിയാക്കുന്നതിനായി കുരങ്ങുകളെ കൂട് മാറ്റുന്നതിനിടയിലാണ് സംഭവം.


അപ്രതീക്ഷിതമായി രണ്ട് കുരങ്ങുകൾ പരസ്പരം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാമന് സാരമായി പരിക്കേറ്റു. പുറമെ ഉള്ള പരിക്കുകൾക്ക് ഉടൻ ചികിത്സ നൽകി. ആന്തരിക രക്തസ്രാവവും വാരിയെല്ലുകളിൽ ഒടിവും കണ്ടത്തിയതിനെ തുടർന്ന് കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സർജറി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സർജറിക്കുമുമ്പ് തന്നെ കുരങ്ങ് മരിച്ചു.


2008 ൽ കോടനാട് വനംവകുപ്പിൽ നിന്നാണ് കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. ചെറു കൂട്ടങ്ങളായി ജീവിക്കുന്ന സിംഹവാലൻ കുരങ്ങുകളിൽ സംഘർഷം (infighting) അപൂർവമല്ലെന്ന് വെറ്ററിനറി സർജ്ജൻ ഡോ. നികേഷ് കിരൺ പറഞ്ഞു.


മൂന്ന് ആൺ കുരങ്ങുകളും മൂന്ന് പെൺ കുരങ്ങുകളുമാണ് ഇനി മൃഗശാലയിൽ ഉള്ളത്. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സിംഹവാലൻ പ്രജനന പദ്ധതിയിൽ പങ്കാളിയാണ് തിരുവനന്തപുരം മൃഗശാല. പദ്ധതിയുടെ ഏകോപന ചുമതലയുള്ള ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കുരങ്ങുകളെ എത്തിക്കാൻ ശ്രമിക്കുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home