രോഗികളുടെ മരണം തീപിടിത്തവുമായി ബന്ധപ്പെടുത്തുന്നത് ദൗർഭാഗ്യകരം: മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾ മരിച്ച സംഭവത്തെ തിരുവവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തവുമായി ബന്ധപ്പെടുത്താനുള്ള നീക്കം തികച്ചും ദൗർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പളും ആശുപത്രി സൂപ്രണ്ടും പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.
ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ചു പേരുടെ മരണം തീപിടിത്തം കൊണ്ടോ അതിൻ്റെ പാർശ്വഫലങ്ങൾ കൊണ്ടോ സംഭവിച്ചതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാരും ഐസിയുവിൻ്റെ ചുമതലയുള്ള ഡോക്ടർമാരും വ്യക്തമാക്കിയിട്ടുണ്ട്. രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റിയതു കൊണ്ടും അവർക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. മരിച്ച അഞ്ചു പേരും വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്. ഇവർ മരിച്ചത് പല ദിവസങ്ങളിലായാണ്.
അഞ്ചു പേരുടെയും പോസ്റ്റുമോർട്ടവും കഴിഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണ് മരണകാരണമെങ്കിൽ അതു പോസ്റ്റുമോർട്ടത്തിൽ തെളിയേണ്ടതായിരുന്നു. രോഗികളുടെ മരണം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭ്യമായിട്ടില്ല. പരാതി ലഭിക്കുകയാണെങ്കിൽ നിയമപരമായി പരിശോധിക്കുമെന്നും ഇരുവരും അറിയിച്ചു.










0 comments