അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നവംബർ ഒന്നിന്
എന്തൊരു തിളക്കം ഈ നേട്ടത്തിന് ; 54,023 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു

file photo

ജെയ്സൻ ഫ്രാൻസിസ്
Published on Oct 07, 2025, 03:04 AM | 1 min read
കൊച്ചി
‘‘വെള്ളിയാഴ്‌ച തട്ട് പൊളിക്കും. അതു കഴിഞ്ഞ് വേണം ബാക്കി പണി നോക്കാൻ. 15 വർഷമായി വാടകയ്‌ക്കാണ്. ഇൗ വീട് വലിയൊരു ആശ്വാസമാണ്’’ – അറുപത്തിമൂന്നുകാരിയായ സ്വർണമ്മയുടെ വാക്കുകളിൽ സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷം. തിരുവനന്തപുരം കോർപ്പറേഷനിലെ അരശുംമൂട് ആറ്റിപ്രയിലാണ് സ്വർണമ്മയുടെ വീട് ഉയരുന്നത്. അതിദാരിദ്ര്യനിർമാർജ്ജനത്തിന്റെ ഭാഗമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്വർണമ്മയ്‌ക്ക് വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപ അനുവദിച്ചത്. ആറു ലക്ഷം രൂപ ചെലവിൽ മൂന്നു സെന്റ് സ്ഥലംവാങ്ങി. സർക്കാർ സഹായത്തിനൊപ്പം സ്വരുക്കൂട്ടിയ പണവും സുമനസ്സുകളുടെ സഹായവുംചേർത്താണ് വീട് നിർമിച്ചത്. ഭർത്താവ് നേരത്തെ മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിയായ കൊച്ചുമകൻ ആദർശും സ്വർണമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്.
സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയ 1,338 കുടുംബങ്ങൾക്കാണ് സർക്കാർ ഇത്തരത്തിൽ വീടും സ്ഥലവും ലഭ്യമാക്കിയത്. 3,913 വീട് നിർമിച്ചുനൽകി. 5354 കുടുംബങ്ങളുടെ വീട് പുതുക്കിപ്പണിതു. 743 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി.
വിവിധ പ്രവർത്തനങ്ങളിലൂടെ 54,023 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽനിന്ന് സംസ്ഥാന സർക്കാർ മോചിപ്പിച്ചത്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് പൂർണലക്ഷ്യം കൈവരിക്കാനുള്ള ഉൗർജിത നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്ത് 64,006 അതിദാരിദ്ര്യ കുടുംബങ്ങളുണ്ടെന്നായിരുന്നു കണക്ക്. മരിച്ചവർ, അലഞ്ഞുനടക്കുന്നതുമൂലം സേവനം നൽകാൻ കഴിയാത്തവർ, സ്വന്തംനിലയ്‌ക്ക് അതിദാരിദ്ര്യമുക്തരായവർ എന്നിങ്ങനെ 8114 കുടുംബങ്ങളെ ഒഴിവാക്കിയശേഷം ഇത് 55,892 ആയി. 4394 കുടുംബങ്ങൾക്ക് വരുമാനമാർഗം ലഭിച്ചു. 14 ജില്ലകളിലായി 29,427 കുടുംബങ്ങൾക്ക് മരുന്ന് നൽകുന്നു. 4829 കുടുംബങ്ങൾക്ക് സാന്ത്വനചികിത്സ ലഭ്യമാക്കി. 424 കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാസാമഗ്രികൾ വിതരണം ചെയ്‌തു. ഏഴുപേർക്ക് അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് സഹായം നൽകി. പദ്ധതിയിൽനിന്ന് ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്താനും പരിശോധന നടക്കുന്നുണ്ട്. പദ്ധതി ഫലപ്രദമായോയെന്ന് മനസ്സിലാക്കാനുള്ള സോഷ്യൽ ഓഡിറ്റ് എട്ടിന് ആരംഭിക്കും. ഇതെല്ലാം പൂർത്തിയാക്കിയശേഷം നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം നടത്തും.










0 comments